മലനാട്ടിലെ ദുരിതം കാണാതെ പോകല്ലേ . . ഇങ്ങോട്ടും ഒന്നു വരൂ; മുരളി തുമ്മാരുകുടി

murali

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ പിടിച്ചുയര്‍ത്തുമ്പോള്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ദുരിതം വിതച്ച മലനാടിനെ കാണാതെ പോകരുതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി.

മലയോര പ്രദേശങ്ങള്‍ ദുരന്തത്തിന് ശേഷം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ദുരിതാശ്വാസം നല്‍കാനും വീടുകള്‍ വൃത്തിയാക്കാനുമായി ആലുവയിലും ചാലക്കുടിയിലും ഒക്കെ ചുറ്റുപാടുള്ളവരും ദൂരദേശത്തുള്ളവരും തലങ്ങും വിലങ്ങും ഓടി നടക്കുമ്പോള്‍ മലയില്‍ ആരുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുരളി തുമ്മാരുകുടി ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മലനാട്ടിലെ ദുരന്തവും ദുരിതവും

ദുരന്ത ബാധിത പ്രദേശത്തെ ഓട്ട പ്രദിക്ഷണത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇന്ന്. തൊടുപുഴയില്‍ നിന്നും തുടങ്ങി ചെറുതോണി, കരിമ്പന്‍, തടിയമ്പാട്, കൊന്നത്തടി എന്നിവിടങ്ങളിലൂടെ അടിമാലിയില്‍ അവസാനിപ്പിച്ചു.

വെള്ളപ്പൊക്കം വന്ന ഇടനാട്ടില്‍ നിന്നും ഏറെ വ്യത്യസ്തമായ കാഴ്ചകളാണ് മലനാട്ടിലേത്. വെള്ളമിറങ്ങിയതോടെ ആലുവയിലും ചാലക്കുടിയിലും കാലടിയിലും ചെന്നെത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ മലയിലെ സ്ഥിതി അതല്ല. മലകയറിയാല്‍ മെയിന്‍ റൂട്ടില്‍ പോലും ഓരോ കിലോമീറ്ററിലും ചുരുങ്ങിയത് ഒരു മണ്ണിടിച്ചില്‍ വീതമുണ്ട്. പലയിടത്തും റോഡുകള്‍ പകുതിയോളം ഇടിഞ്ഞു പോയിരിക്കുന്നു. പല റോഡുകളും മുറിഞ്ഞു പോയതിനാല്‍ യാത്ര തടസ്സപ്പെട്ടിരിക്കുന്നു. മെയിന്‍ റോഡുകളൊക്കെ ഒരുവിധം ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. പക്ഷെ ഗ്രാമങ്ങളിലേക്കും പോകുന്ന പല വഴികളും പൂര്‍ണ്ണമായി നശിച്ച് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നു.

റോഡുകള്‍ മാത്രമല്ല, ഏറെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. കൊന്നത്തടിയില്‍ ഒരു മലയിറമ്പില്‍ മണ്ണിടിഞ്ഞിട്ട് അവിടെ ഉണ്ടായിരുന്ന വീടുകള്‍ കാണാന്‍ പോലുമില്ല. ഭാഗ്യത്തിന് മണ്ണില്‍ വിള്ളല്‍ കണ്ടയുടന്‍ ആളുകള്‍ ഒഴിഞ്ഞ് പോയതിനാല്‍ മരണങ്ങള്‍ ഒഴിവായി. പക്ഷെ ജില്ലയില്‍ ഏറെ സ്ഥലങ്ങളില്‍ ഇപ്പോഴും വിള്ളലുള്ള സ്ഥലങ്ങളുണ്ട്. താഴെ പ്രളയശേഷവും ഓരോ മഴ വരുമ്പോഴും കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമോ, ഉരുള്‍ പൊട്ടല്‍ ഉണ്ടാകുമോ എന്ന പേടിയില്‍ ആണ് മലയിലെ ആളുകള്‍.

ഏറ്റവും കഷ്ടം ഇതല്ല. ഈ മഴക്കാല ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് മലയില്‍ മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലുമാണ്. ഏറെ വീടുകള്‍ പൂര്‍ണ്ണമായി നശിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോലും പോകാന്‍ പറ്റാത്ത തരത്തില്‍ റോഡ് ഗതാഗതം ബുദ്ധിമുട്ടിലായിരിക്കുന്നു. എന്നിട്ടും ഞാന്‍ ഉള്‍പ്പെടെയുള്ള ശരാശരി മലയാളി ഈ ദുരന്തകാലത്തെ ‘പ്രളയകാലം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ദുരിതാശ്വാസം നല്‍കാനും വീടുകള്‍ വൃത്തിയാക്കാനും ഒക്കെയായി ആലുവയിലേക്കും ചാലക്കുടിയിലേക്കും ചുറ്റുപാടുള്ളവരും ദൂരദേശത്തുള്ളവരും തലങ്ങും വിലങ്ങും ഓടിനടക്കുമ്പോള്‍ മലയില്‍ സഹായത്തിന് ആരുമില്ല. നാടാകെ മുങ്ങിക്കിടക്കുന്ന പ്രളയം പോലെയുള്ള മാധ്യമശ്രദ്ധ ഒറ്റക്കൊറ്റക്കുള്ള ഉരുള്‍പൊട്ടലിലും മണ്ണിച്ചിലും ഇല്ല. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനത്തിന്റെ നാടകീയത ജെ സി ബി ഉപയോഗിച്ച് മണ്ണിനടിയില്‍ പെട്ടവരെ പൊക്കിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇല്ല.

ഇടുക്കിയിലെ ജനങ്ങള്‍ക്ക് ദുരിതം പരിചിതമാണ്. അവര്‍ കരയുന്നില്ല, പരാതി പറയുന്നില്ല. മണ്ണും ചെളിയും മാറ്റി, മരങ്ങള്‍ വെട്ടിനീക്കി ജീവിതം തുടരാന്‍ അവര്‍ ശ്രമിക്കുകയാണ്. ചിലയിടത്ത് റോഡുകള്‍ തന്നെ അവര്‍ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങി. പതിവ് പോലെ അവിടുത്തെ ജന പ്രതിനിധികള്‍ എല്ലാത്തിനും മുന്നിലുണ്ട്. പക്ഷെ പ്രളയത്തില്‍ പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ ജനങ്ങളും മാധ്യമങ്ങളും ഏറ്റെടുക്കുമ്പോള്‍ ഇടുക്കിക്കാരുടെ പ്രശ്‌നങ്ങള്‍ അവരുടേത് മാത്രമായി മാറ്റി നിര്‍ത്തരുത്.

എന്റെ നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.

1. കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും കുറച്ച് മാധ്യമ പ്രവര്‍ത്തകരെങ്കിലും മലമുകളിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി പോകണം. ലോകത്തെവിടെയും എവിടെയാണോ മാധ്യമങ്ങള്‍ ഉള്ളത് അവിടെയാണ് സഹായങ്ങള്‍ എത്തുന്നത്.

2. നഗരങ്ങളിലെ കുട്ടികള്‍ സന്നദ്ധ പ്രവര്‍ത്തനത്തിനായി മലയിലും ഒന്ന് പോയി നോക്കണം. ഇക്കാര്യം ആ നാട്ടിലുള്ളവരുമായി കോര്‍ഡിനേറ്റ് ചെയ്യണം. എന്തെന്നാല്‍ ഇപ്പോള്‍ത്തന്നെ അവിടെ രാത്രി താങ്ങാനുള്ള സൗകര്യം കുറവാണ്.

3. ഇടുക്കിയില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ വന്നു ജോലി ചെയ്യുന്നവര്‍ അവരുടെ നാട്ടിലെ പ്രശ്‌നങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തണം. ആരും ആരെയും മനഃപൂര്‍വം ഒഴിവാക്കുന്നില്ല, പക്ഷെ ആളുകളുടെ പ്രശ്‌നങ്ങളറിയാതെ എങ്ങനെ സഹായമെത്തിക്കാന്‍ പറ്റും?

4. ഇടുക്കിയിലെ ഭരണകൂടവും തദ്ദേശ സ്ഥാപങ്ങളിലെ നേതൃത്വവും ജില്ലക്ക് ഏതൊക്കെ തരത്തിലുള്ള സഹായങ്ങളാണ് പുറത്തുനിന്ന് വേണ്ടത് എന്നത് കൃത്യമായി തുടര്‍ച്ചയായി പറഞ്ഞുകൊണ്ടേ ഇരിക്കണം. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നത് ദുരന്ത കാലത്തും നിലനില്‍ക്കുന്ന തത്വശാസ്ത്രമാണ്.
മാധ്യമങ്ങള്‍ ഇനിയെങ്കിലും പ്രളയ ദുരന്തം എന്ന വാക്ക് മാറ്റി മഴക്കാല ദുരന്തം എന്ന് പ്രയോഗിക്കണം. മലനാട്ടിലെ പ്രശ്‌നങ്ങള്‍ ഇടനാട്ടിലെ പ്രളയത്തിന്റെ ഒരു ഫുട്ട് നോട്ട് അല്ല, ആയിരിക്കാന്‍ പാടില്ല.

മുരളി തുമ്മാരുകുടി

landslide

(കൊന്നത്തടി പഞ്ചായത്തില്‍ ആറു വീടുകള്‍ മണ്ണിനടിയിലാക്കിയ ഒരു മണ്ണിടിച്ചില്‍ ഒറ്റപ്പെടുത്തിയ കുറെ കുടുംബങ്ങള്‍ക്ക് വേണ്ടി താല്‍ക്കാലിക റോഡ് നിര്‍മ്മിക്കുന്ന നാട്ടുകാരാണ് ചിത്രത്തില്‍. നമ്മുടെ കുറേ യുവാക്കള്‍ ഈ പ്രദേശങ്ങളിലും എത്തണം, പ്‌ളീസ്)

Top