തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ രംഗത്ത്. കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തതിലൂടെ തെറ്റുകളും പിഴവുകളും ഒരു വിധത്തിലും തിരുത്താന്‍ തയ്യാറല്ലെന്ന സന്ദേശമാണ് സിപിഎം. നല്‍കുന്നതെന്ന ആരോപണവുമായാണ് വി.മുരളീധരന്‍ രംഗത്തെത്തിയത്.
പാവങ്ങള്‍ക്കൊപ്പമില്ലെന്നും, സിപിഎമ്മില്‍ അനാവശ്യ പ്രവണതകള്‍ വളരുകയാണെന്നും അവരുടെ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍, ഇതെല്ലാം മുന്നിലുള്ളപ്പോള്‍ തന്നെയാണ് സ്വന്തം മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയരായ നേതാക്കളെ ഉള്‍പ്പെടുത്തി സിപിഎം. സംസ്ഥാന കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആരോപണ വിധേയനായ കോടിയേരിയെതന്നെ അവര്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരുവശത്ത് സ്വയം വിമര്‍ശനം നടത്തുകയും മറുവശത്ത് അതേ നേതൃത്വത്തെ തന്നെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിന്റേതെന്നും, സ്വയം വിമര്‍ശനം നടത്തിയാലും അത് ഉള്‍ക്കൊണ്ട് യാതൊരു തിരുത്തലിനും തങ്ങള്‍ തയാറല്ലെന്ന സന്ദേശമാണ് സിപിഎം ഇതിലൂടെ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു