കോട്ടയം: ബി.ജെ.പി കേരള ഘടകത്തിലെ ചേരിപ്പോര് വീണ്ടും മറ നീക്കി പുറത്ത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കെ.എം മാണിയെ വീട്ടില്‍ പോയി കണ്ട് സഹായം അഭ്യര്‍ത്ഥിച്ച ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസിനെ പരിഹസിച്ച് മറ്റൊരു ദേശീയ കൗണ്‍സില്‍ അംഗമായ വി.മുരളീധരന്‍ പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ നിന്നും എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുരളീധരന്റെ ആദ്യ രാഷ്ട്രീയ പ്രതികരണം കൂടിയാണിത്.
‘തിരഞ്ഞെടുപ്പില്‍ കള്ളന്‍മാരുടെയും കൊലപാതകികളുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്നായിരുന്നു’ പരിഹാസം. മാണി അഴിമതിക്കാരനാണോയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറയുമെന്ന് പറഞ്ഞ് കുമ്മനം രാജശേഖരനെയും മുരളീധരന്‍ വെട്ടിലാക്കിയിട്ടുണ്ട്.
ചേരിപ്പോരിന്റെ ഭാഗമായാണ് നേരത്തെ ലഭിക്കേണ്ടിയിരുന്ന രാജ്യസഭ സീറ്റ് മുരളീധരന് ലഭിക്കാതിരുന്നതെന്ന പരിഭവം അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കള്‍ക്കിടയിലുണ്ട്. മുരളീധരനെ ‘വെട്ടാനാണ് ‘ തുഷാറിനെ എം.പിയാക്കാന്‍ ശ്രമിച്ചതെന്നും അവര്‍ സംശയിക്കുന്നു.
ഇപ്പോള്‍ മാണിയുടെ വീട്ടില്‍ കൃഷ്ണദാസ് പോയത് ചെങ്ങന്നൂര്‍ മുന്നില്‍ കണ്ടല്ല, ജോസ്.കെ.മാണിയെ കേന്ദ്ര സഹമന്ത്രിയാക്കി മുരളീധരന്റെ സാധ്യത അടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണെന്നാണ് ഈ വിഭാഗം കരുതുന്നത്.
ഇതാണിപ്പോള്‍ മുരളീധരനെ പ്രകോപിപ്പിച്ച് ഇത്തരമൊരു പ്രതികരണത്തില്‍ എത്തിച്ചതെന്നാണ് പറയപ്പെടുന്നത്. അടുത്ത് തന്നെ നടക്കുന്ന കേന്ദ്ര മന്ത്രിസഭ പുന:സംഘടനയില്‍ മുരളീധരന്‍ മന്ത്രിസഭയിലെത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
മുരളീധരന്‍ മന്ത്രിയായാല്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ മുരളിധര പക്ഷത്തേക്ക് മാറുമെന്ന ഭയം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ടത്രെ. ഇത് തടയാനാണ് മാണിയെ ‘കൂട്ടുപിടിക്കുന്ന’തെന്നാണ് ആക്ഷേപം.
അതേസമയം, ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞാല്‍ സംസ്ഥാന നേതൃത്വമാകെ അഴിച്ച് പണിയുമെന്ന മുന്നറിയിപ്പ് കേന്ദ്ര നേതൃത്വം ഇതിനകം തന്നെ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കി കഴിഞ്ഞിട്ടുണ്ടെന്ന വിവരവും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.