തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കളുടെയും സമ്പാദ്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വി മുരളീധരന്‍ നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വെല്ലുവിളിയാകും.
നിയമം നടപ്പാക്കുന്ന കാര്യത്തില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന ജേക്കബ് തോമസ് വി മുരളീധരന്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിക്കുമെന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രി പിണറായിയെ സംബന്ധിച്ച് ഇപ്പോള്‍ എന്ത് അന്വേഷണം നേരിടേണ്ടി വന്നാലും അത് അദ്ദേഹത്തെ കാര്യമായി ബാധിക്കുന്ന പ്രശ്‌നമല്ല.
പക്ഷേ മറ്റ് ചില നേതാക്കളുടെ അവസ്ഥ അതല്ല. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് ഗുരുതരമായ ആക്ഷേപങ്ങള്‍ നേരിട്ട സംഭവങ്ങളുടെ അടിവേര് വിജിലന്‍സ് ചികഞ്ഞാല്‍ അത് വലിയ കുരുക്കായി മാറും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,മന്ത്രി ഇപി ജയരാജന്‍, മുന്‍ ആരോഗ്യമന്ത്രിയും എംപിയുമായ പികെ ശ്രീമതി എന്നിവരുടെ മക്കളുടെ ഇടപാടുകളും സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണമെന്നതാണ് വി മുരളീധരന്‍ പരാതിയില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.
കോടിയേരിയുടെ രണ്ട് മക്കളും പ്രത്യേകിച്ചൊരു തൊഴിലിലും ഏര്‍പ്പെടാതെയാണ് വിദേശത്ത് ബിസിനസ്സ് സാമ്രാജ്യം വളര്‍ത്തിയെടുത്തതെന്നും ശ്രീമതി ടീച്ചറുടെ മകന് വിദേശത്ത് വന്‍ ബിസിനസ്സ് സംരംഭങ്ങളുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോടിയേരിയുടെ മകനും ശ്രീമതി ടീച്ചറുടെ മകനും ബിനാമിയെ വെച്ച് നടത്തിയിരുന്ന മരുന്ന് കമ്പനി കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് മരുന്നുകള്‍ വിറ്റതായുള്ള ആക്ഷേപവും അന്വേഷിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.
പിണറായിയുടെ മകള്‍ സ്വന്തമായി ഐടി കമ്പനി നടത്തുന്നത് സംബന്ധിച്ച് പരാമര്‍ശിച്ച പരാതിയില്‍ കോടിയേരിയുടെ മകന്‍ വൈസ് പ്രസിഡന്റായിരുന്ന കമ്പനിയില്‍ സിഇഒ ആയിരുന്നു പിണറായിയുടെ മകളെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ പരാതി വിജിലന്‍സിന് രേഖാമൂലം ലഭിച്ചതിനാല്‍ അന്വേഷിക്കാതിരിക്കാന്‍ കഴിയില്ല.
കഴമ്പില്ലെന്ന് കണ്ട് എഴുതി തള്ളാനാണെങ്കില്‍ പോലും പ്രാഥമിക പരിശോധന അനിവാര്യമാണ്. ഇപ്പോള്‍ ലഭിക്കുന്ന പരാതികളില്‍ വിജിലന്‍സ് ഡയറക്ടര്‍ നടത്തിക്കൊണ്ടിരിക്കുന്നതും അതുതന്നെയാണ്.
വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് വകുപ്പ് പിണറായി ഒഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും.
മുന്‍പ് പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം വന്നപ്പോള്‍ അദ്ദേഹം ആഭ്യന്തരം,വിജിലന്‍സ് വകുപ്പുകള്‍ ഒഴിഞ്ഞ് തിരുവഞ്ചൂരിനെ ഏല്‍പ്പിച്ചിരുന്നു.