മുരളിയുടെ ‘ഭാവി’ മോദിയുടെ കയ്യിൽ, സംഘപരിവാറിലും ഭിന്നത രൂക്ഷം . . .

കേന്ദ്ര സഹമന്ത്രി വി മുരളീധരനെ എത്രയും പെട്ടെന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. ഇക്കാര്യത്തില്‍ എന്തെങ്കിലും കാലതാമസമുണ്ടായാല്‍ രാഷ്ട്രപതി തന്നെ വിഷയത്തില്‍ ഇടപെടുകയാണ് വേണ്ടത്. അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പിആര്‍ ഏജന്‍സി ഉടമയായ സ്മിതാ മേനോനെ കേന്ദ്ര മന്ത്രി പങ്കെടുപ്പിച്ചത് രാജ്യാന്തര സുരക്ഷാ ചട്ടങ്ങളുടെ പ്രകടമായ ലംഘനമാണ്. 22 രാജ്യത്തെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയിലാണ് ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതിയെ മന്ത്രി പങ്കെടുപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നിലെ താല്‍പര്യം, ഗൗരവമായി തന്നെ പരിശോധിക്കപ്പെടേണ്ടതാണ്.

ഇതു സംബന്ധമായി കേന്ദ്ര രഹസ്യാവേഷണ വിഭാഗമായ ‘റോ’ നല്‍കിയ റിപ്പോര്‍ട്ടും ഗൗരവമായി കാണേണ്ടതുണ്ട്. മന്ത്രി വി മുരളീധരന്‍ നയതന്ത്ര ചട്ടങ്ങളും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് വിദേശകാര്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന് പുറമെയാണ് സുരക്ഷാചട്ടങ്ങളുടെ ലംഘനവും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ശ്രീലങ്ക, ഓസ്ട്രേലിയ, ബംഗ്ലാദേശ്, മലേഷ്യ, ഇന്തോനേഷ്യ, ഒമാന്‍, തായ്ലന്‍ഡ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരടക്കമുള്ള പ്രതിനിധി സംഘമാണ് 2019 നവംബര്‍ ഏഴിന് അബുദാബിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തിരിക്കുന്നത്. ഇതില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, ഇറാന്‍ മന്ത്രിമാര്‍ തീവ്രവാദ ഭീഷണിയുടെ നിഴലിലുള്ളവരാണ്. അതിനാല്‍ തന്നെ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് സമ്മേളന സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നത്.

ഇവിടേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള യുവതി ഒരു അനുമതിയുമില്ലാതെ എത്തിയത് രാജ്യത്തെ തന്നെ പ്രതിക്കൂട്ടിലാക്കുന്നതിന് തുല്യമാണ്. വിദേശരാജ്യങ്ങളുമായുള്ള രാജ്യാന്തരബന്ധത്തെ തന്നെ പിടിച്ചുലയ്ക്കുന്ന നടപടിയാണിത്. ഏതെങ്കിലും രാജ്യം ഔദ്യോഗികമായി പരാതി ഉന്നയിച്ചാല്‍ അത് കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കും. അതിന് മുന്‍പ് തന്നെ നടപടി സ്വീകരിക്കുന്നതാണ് രാജ്യതാല്‍പ്പര്യത്തിനും നല്ലത്. മന്ത്രിതല സമ്മേളനത്തില്‍ സ്മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുപ്പിച്ചത് നിയമവിരുദ്ധമാണെന്നാണ് നയതന്ത്രവിദഗ്ധനും മുന്‍ അംബാസഡറുമായ കെ പി ഫാബിയാനും വ്യക്തമാക്കിയിരിക്കുന്നത്.

വിസിറ്റിങ് വിസയില്‍ യുഎഇയില്‍ എത്തിയ ശേഷം ഔദ്യോഗിക യോഗത്തില്‍ സ്മിത പങ്കെടുത്തത് കുറ്റകൃത്യമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ കുറ്റകൃത്യത്തിനാണ് കേന്ദ്ര മന്ത്രി തന്നെ കുട്ട് നിന്നിരിക്കുന്നത്. ടൂറിസ്റ്റ് എന്ന നിലയ്ക്കാണ് ഏത് രാജ്യത്തും വിസിറ്റിങ് വിസ അനുവദിക്കുന്നത്. വിസിറ്റിങ് വിസയില്‍ എത്തിയവര്‍ ഔദ്യോഗിക സമ്മേളനത്തില്‍ പങ്കെടുക്കുകയോ മറ്റു കാര്യങ്ങളില്‍ വ്യാപൃതരാകുകയോ ചെയ്താല്‍ ഇന്ത്യയിലായാല്‍ പോലും നടപടി നേരിടേണ്ടി വരും. ഇക്കാര്യവും നയതന്ത വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മന്ത്രി ഔദ്യോഗിക ആവശ്യത്തിന് വിദേശത്ത് പോകുമ്പോള്‍ കൂടെ പോകുന്നവരുടെ പട്ടിക അടങ്ങിയ അനുമതി കത്ത് അത്യാവശ്യമാണ്. അതില്‍ യാത്ര എത്ര ദിവസത്തേക്ക് ആണെന്നുള്ള വിവരവും വ്യക്തമാക്കേണ്ടതുണ്ട്. ഈ കത്ത് പിന്നീട് ധനവകുപ്പിലേക്കാണ് പോകുക. ഇത്തരം യാത്രകളില്‍ ഒരിക്കലും പിആര്‍ ഏജന്‍സി പ്രതിനിധിയെ ഒരു മന്ത്രിയും കൊണ്ടുപോകാറില്ല. ഈ കീഴ്‌വഴക്കമാണ് മുരളീധരന്‍ ലംഘിച്ചിരിക്കുന്നത്. ധനവകുപ്പ് കൂടി ഇടഞ്ഞാല്‍ മുരളീധരന്റെ നില കൂടുതല്‍ പരുങ്ങലിലാകും. ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ മന്ത്രിതല സമ്മേളനത്തില്‍ താന്‍ സംബന്ധിച്ചത് പിആര്‍ വര്‍ക്കിന്റെ ഭാഗമായിട്ടായിരുന്നുവെന്ന സ്മിതാ മേനോന്റെ വാദവും നിലനില്‍ക്കുന്നതല്ല.

സമ്മേളനവിവരങ്ങളും മറ്റും ഔദ്യോഗിക കമ്യൂണിക്കെയായി പുറത്തിറക്കിയത് തന്നെ ഇതിന് പ്രത്യക്ഷ തെളിവുകളാണ്. ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള കച്ചവടം, ടൂറിസം, സുരക്ഷാകാര്യങ്ങള്‍ എന്നിവയാണ് മന്ത്രിതല സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്തിരുന്നത്. ഈ മേഖലയില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യത കൂടി എടുത്തു പറഞ്ഞാണ് സമ്മേളനത്തിന് തിരശ്ശീല വീണിരുന്നത്. അതേസമയം വി മുരളീധരന്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് സ്മിതാ മേനോനെ ദുബായിലേക്ക് ഒപ്പം കൂട്ടിയതെന്ന ആരോപണത്തിന് സംഘപരിവാര്‍ സംഘടനകള്‍ പോലും നിലവില്‍ പ്രതിരോധം തീര്‍ക്കാന്‍ തയ്യാറായിട്ടില്ല. മുരളീധരന്‍ കാവി പാളയത്തില്‍ തന്നെ ഒറ്റപ്പെടുന്നതിന്റെ സൂചനയാണിത്.

തനിക്കൊപ്പം സ്മിതയ്ക്കും വേദിയില്‍ ഇരിപ്പിടം നല്‍കാന്‍ എംബസി ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചതായ വിവരവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. സ്മിതാ മേനോന്‍ സമ്മേളനത്തില്‍ പങ്കെടുത്തതിന് യുഎഇയിലെ ഇന്ത്യന്‍ എംബസിയിലും രേഖകളില്ല. അവരുടെ വിസ സംബന്ധിച്ചും സംശയങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇതും മുരളീധരനെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്. വിസിറ്റിങ് വിസയിലാണ് സന്ദര്‍ശനമെങ്കില്‍ ടൂറിസ്റ്റ് എന്ന നിലയ്ക്കുള്ള പരിഗണനയ്ക്കേ സ്മിതക്കും അര്‍ഹതയുള്ളൂ. ഔദ്യോഗിക ചടങ്ങുകളിലോ മറ്റ് പരിപാടികളിലോ പങ്കെടുത്താല്‍ നിയമനടപടി നിര്‍ബന്ധമായും അവര്‍ നേരിടേണ്ടിവരും.

നയതന്ത്ര വിസയോ മീഡിയ വിസയോ നല്‍കിയതായുള്ള രേഖകളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല. ടൂറിസം വിസയില്‍ എത്തിയ ഒരാളെ ഔദ്യോഗിക പ്രതിനിധിയെന്ന വ്യാജേന സമ്മേളനത്തില്‍ പങ്കെടുപ്പിച്ചൂവെന്ന് തന്നെയാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. ഇതു സംബന്ധമായി സലീം മടവൂര്‍ നല്‍കിയ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പില്‍ നിന്നും ഇപ്പോള്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. പ്രധാനമന്ത്രി മുരളീധരന്റെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്.

മന്ത്രി സ്ഥാനം മുരളീധരന് തെറിക്കുമെന്ന് തന്നെയാണ് ബി.ജെ.പിയിലെ ഒരു വിഭാഗം കരുതുന്നത്. മന്ത്രി ജലീലിനെതിരെ പ്രോട്ടോകോള്‍ ലംഘനം ഉന്നയിച്ച മന്ത്രി തന്നെ പ്രോട്ടോകോള്‍ ലംഘിച്ചത് ബി.ജെ.പിക്ക് സംസ്ഥാനത്ത് വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. ആപ്പിള്‍ ഫോണ്‍ വിവാദത്തില്‍ നിന്ന് തല്‍ക്കാലം തല ഊരിയെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രോട്ടോകോള്‍ ലംഘനം യു.ഡി.എഫിനും വലിയ തിരിച്ചടിയാണ്.

യു.എ.ഇ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല പങ്കെടുത്തത് പ്രോട്ടോക്കോള്‍ ലംഘനമായാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. അവിടെ വച്ചു നടന്ന ലക്കി ഡ്രോയില്‍ തന്റെ പേഴ്സണല്‍ സ്റ്റാഫ് ഹബീബിന് വാച്ച് സമ്മാനമായി കിട്ടിയെന്നു തുറന്നു പറഞ്ഞതും ചെന്നിത്തല തന്നെയാണ്. ജലീലിന് മേല്‍ ആരോപിച്ച പ്രോട്ടോകോള്‍ ലംഘനം ചെന്നിത്തലയ്ക്കും ബാധകമല്ലേ എന്നാണ് ഭരണപക്ഷം ഉയര്‍ത്തുന്ന ചോദ്യം. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ ബി.ജെ.പിയും യു.ഡി.എഫുമാണ് പുതിയ വിവാദങ്ങളോടെ ഇപ്പോള്‍ ശരിക്കും വെട്ടിലായിരിക്കുന്നത്.

Top