ഒരു കോൺഗ്രസ്സ് നേതാവെന്ന നിലയിൽ കെ മുരളീധരൻ സ്വീകരിച്ച നിലപാട് തികച്ചും വ്യത്യസ്തമാണ്. അതെന്തായാലും പറയാതിരിക്കാൻ കഴിയുകയില്ല. വെല്ലുവിളി നിറഞ്ഞ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും താൻ മത്സരിക്കാൻ തയ്യാറാണെന്ന സൂചനയാണ് ലീഡർ കെ കരുണാകരന്റെ പുത്രൻ ഇപ്പോൾ നൽകിയിരിക്കുന്നത്. നിലവിലെ കോൺഗ്രസ്സ് എം.പിമാർ മത്സര രംഗത്ത് നിന്ന് ഒഴിവായി നിയമസഭ തീരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് താൽപ്പര്യപ്പെടുന്നത്. അതിന് പ്രധാനകാരണം തോൽവി ഭയം തന്നെയാണ്.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ലഭിച്ച 19 സീറ്റുകളിൽ ഇത്തവണ എത്ര സീറ്റുകളിൽ വിജയിക്കുമെന്ന കാര്യത്തിൽ സിറ്റിംഗ് എംപിമാരിൽ ബഹു ഭൂരിപക്ഷത്തിനും ഒരുറപ്പുമില്ല. കേരളത്തിലെ സാമുദായിക – രാഷ്ട്രീയ സമവാക്യങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമാണ് എന്നതാണ് കോൺഗ്രസ്സ് എം.പിമാരെ പിറകോട്ടടിപ്പിക്കുന്നത്. ഇവിടെയാണ് കെ മുരളീധരൻ ‘ധൈര്യം’ കാട്ടിയിരിക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും രമേശ് ചെന്നിത്തലയും പാര്‍ലമെന്റിലേക്ക് മത്സരിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്.
ശശി തരൂർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തരൂരിന്റെ നിലവിലെ നീക്കങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്ന നേതാവ് കൂടിയാണ് കെ മുരളീധരൻ. അദ്ദേഹത്തിന്റെ പുതിയ നിലപാട് നിലവിലെ കോൺഗ്രസ്സ് എം.പിമാരെയാണ് വെട്ടിലാക്കിയിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ആ കാരണത്താൽ നിയമസഭാ സീറ്റ് നഷ്ടപ്പെടുമെന്ന ഭയം എം.പിമാർക്കിടയിലുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് മത്സരരംഗത്ത് നിന്നും പിൻമാറാൻ സിറ്റിംങ്ങ് എം.പിമാർ ആലോചിക്കുന്നത്.
ശശി തരൂർ ലോകസഭയിലേക്ക് മത്സരിച്ചില്ലങ്കിൽ വി.എസ്. ശിവകുമാറോ ശബരീനാഥോ ആയിരിക്കും തലസ്ഥാനത്ത് നിന്നും മത്സരിക്കുക. അടൂർ പ്രകാശ്, ബെന്നി ബഹ് ന്നാൻ, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ പ്രതാപൻ, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ രാഘവൻ എന്നീ കോൺഗ്രസ്സ് എം.പിമാർക്കും വീണ്ടും മത്സരിക്കാൻ താൽപര്യ കുറവുണ്ട്.
തരൂരിനെ മുൻ നിർത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായമാണ് ഇതിൽ എം.കെ രാഘവന് ഉള്ളത്. എറണാകുളം എംപി ഹൈബി ഈഡനും ഈ അഭിപ്രായക്കാരനാണ്. എം.പിമാർ കൂട്ടത്തോടെ നിയമസഭ സീറ്റുകൾ നോട്ടമിടുന്നത്. കോൺഗ്രസ്സ് ഹൈക്കമാന്റിനാണ് തലവേദനയാകുക. അവസരവാദികളായ ഈ നേതാക്കളെ ലക്ഷ്യമിട്ട് കൂടിയാണ് മുരളീധരൻ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. വടകരയ്ക്കു പകരം കോഴിക്കോട്, തിരുവനന്തപുരം സീറ്റുകളാണ് മുരളീധരൻ ലക്ഷ്യമിടുന്നത്.
എംപിയായി വീണ്ടും ജയിച്ചാലും കേരളത്തിൽ ഒരവസരം ലഭിച്ചാൽ മടങ്ങിവരാം എന്നതാണ് മനസ്സിലിരുപ്പ്. തരൂരിനെ മുൻ നിർത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാലും അധികാരം ലഭിച്ചാൽ തരൂർ മുഖ്യമന്ത്രിയാകില്ലന്നതാണ് മുരളീധര വിഭാഗം നേതാക്കളുടെ കണക്കു കൂട്ടൽ. അത്തരമൊരു സാഹചര്യത്തിൽ തരൂരിനും തരൂർ വിരുദ്ധർക്കും ഉൾക്കൊള്ളാൻ പറ്റുന്ന പേര് കെ.മുരളീധരന്റേത് മാത്രമാകുമെന്നതാണ് കണക്കുകൂട്ടൽ. പണ്ട് എ.കെ ആന്റണി ഡൽഹിയിൽ നിന്നും പറന്നിറങ്ങിയതു പോലെ മുരളീധരനും ഒരവസരം വരുമെന്നതാണ് മുരളീധര വിഭാഗത്തിന്റെ പ്രതീക്ഷ.
EXPRESS KERALA VIEW