അടിമാലി: കല്ലാര്‍ കുരിശുപാറയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന അറയ്ക്കല്‍ ഗോപി (64) എന്നയാളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുന്‍വശത്തെ വാതില്‍ പുറത്തു നിന്നും അകത്തു നിന്നും മൃതദേഹം കണ്ടെത്തിയ മുറി പുറത്തു നിന്നും പൂട്ടിയ നിലയിലുമായിരുന്നു. ഗോപിയുടെ മുഖത്തും, കഴുത്തിലും, ദേഹത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആസൂത്രിത കൊലപാതകം ആണെന്നാണ് പൊലീസ് നിഗമനം.
12 വര്‍ഷം മുന്‍പ് ഭാര്യ മരിച്ച ഗോപി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് കുരിശുപാറ ജംക്ഷനില്‍ എത്തിയ ഗോപി തിരികെ വീട്ടിലേക്കു പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. 8 മണിയോടെ കോതമംഗലത്ത് താമസിക്കുന്ന മകള്‍ ഗോപിയെ വിളിച്ചു. ഈ സമയം ഭക്ഷണം കഴിക്കുകയാണ് എന്നു പറഞ്ഞതായി മകള്‍ പൊലീസിനു മൊഴി നല്‍കി.
ദിവസവും രാവിലെ 8 മണിയോടെ ചായ കുടിക്കാന്‍ കുരിശുപാറയില്‍ എത്താറുള്ള ഗോപിയെ ഇന്നലെ കാണാതെ വന്നതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തുമ്പോള്‍ മുന്‍ വശത്തെ കതക് പൂട്ടിയ നിലയിലായിരുന്നു. പിന്‍വാതില്‍ തുറന്നു കിടക്കുന്നതും കണ്ടു. തുടര്‍ന്നാണ് പുറത്തുനിന്നു പൂട്ടിയ മുറിക്കുള്ളിലെ കട്ടിലില്‍ ഗോപിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ പരേതയായ സുമതി. മക്കള്‍ സ്വപ്ന, സുനിത, പരേതനായ സുരേഷ്. മരുമക്കള്‍. സുജിത്, സഫീര്‍. ഇടുക്കി ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി, വെള്ളത്തൂവല്‍ സിഐ ആര്‍. കുമാര്‍, എസ്‌ഐ മാര്‍ പി.ജെ. കുര്യാക്കോസ്, സജി എന്‍.പോള്‍, സി.ആര്‍. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഇടുക്കിയില്‍ നിന്ന് ഡോഗ് സ്‌ക്വാഡും കോട്ടയത്തു നിന്ന് സയന്റിഫിക് വിദഗ്ധരും സംഭവ സ്ഥലത്ത് എത്തി. ഇന്‍ക്വസ്റ്റ് തയാറാക്കിയ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.