കോട്ടയം: പാലായില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനി നിതിനയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും. നിലവില്‍ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായെന്നും നിതിനയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും വൈക്കം എംഎല്‍എ സി.കെ ആശ പറഞ്ഞു.
നാളെ രാവിലെ 8.30 ഓടെയായിരിക്കും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുക. ഒന്‍പത് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടക്കും. ഇതിന് ശേഷം മൃതദേഹം നിതിനയുടെ സ്വദേശമായ തലയോലപറമ്പിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വയ്ക്കും. ബന്ധുവിന്റെ വീട്ടിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക.
ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിതിന മോള്‍. സഹപാഠിയായ പ്രതി അഭിഷേകാണ് നിതിനയെ കൊലപ്പെടുത്തിയത്.
പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ അഭിഷേക് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് അഭിഷേക് പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.