ലഖ്‌നൗ: അലഹാബാദില്‍ എഴുപതുകാരനായ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നംഗസംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി.
യു പി പൊലീസിലെ സബ് ഇന്‍സ്‌പെക്ടറായിരുന്ന അബ്ദുള്‍ സമദ് ഖാനെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അബ്ദുള്‍ സമദിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആക്രമമത്തിന്റെ ദൃശ്യങ്ങള്‍ സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സൈക്കിളില്‍ വരികയായിരുന്ന അബ്ദുളിനെ അക്രമികളില്‍ ഒരാള്‍ തടഞ്ഞു നിര്‍ത്തുകയും പിന്നീട് മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് അബ്ദുള്‍ സൈക്കിളില്‍ നിന്ന് താഴെ വീണു. പിന്നീട് രണ്ടു പേര്‍ കൂടിയെത്തുകയും അബ്ദുളിനെ മര്‍ദിക്കുകയുമായിരുന്നു.
വടികള്‍ ഉപയോഗിച്ചായിരുന്നു സംഘം അബ്ദുളിനെ മര്‍ദിച്ചത്. ആക്രമണം നടന്നത് പൊതുസ്ഥലത്തായിട്ടും അബ്ദുളിനെ സഹായിക്കാന്‍ ആരും തന്നെ മുന്നോട്ടു വന്നില്ല. അബ്ദുളിനെ ആക്രമിച്ചവരിലെ പ്രധാനിയുടെ പേര് ജുനൈദ് എന്നാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ പേരില്‍ പത്തോളം ക്രിമിനല്‍കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.