തൊടുപുഴ: മുത്തശ്ശിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വണ്ണപ്പുറം ചീങ്കല്‍സിറ്റി പുത്തന്‍പുരയ്ക്കല്‍ പാപ്പിയമ്മ (90)യെയാണ് കൊച്ചുമകന്‍ ശ്രീജേഷ്(32) കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ശ്രീജേഷിനെ കാളിയാര്‍ എസ്.ഐ. വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാപ്പിയമ്മയുടെ മകന്‍ ശ്രീധരന്റെ മകനാണ് ശ്രീജേഷ്. വ്യാഴാഴ്ച രാത്രി 10-നായിരുന്നു സംഭവം. പാപ്പിയമ്മയുമായി വഴക്കിട്ട ശ്രീജേഷ് മണ്ണെണ്ണ ഇവരുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി ഇയാള് ബഹളമുണ്ടാക്കുന്നത് മുമ്പും പാപ്പിയമ്മ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം തീകൊളുത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.