പന്തളം: ഹര്‍ത്താലിനിടെ പന്തളത്ത് കല്ലേറില്‍ മരിച്ച ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം സംസ്‌കരിച്ചു. കുരമ്പാലയിലെ വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്.
വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പന്തളത്തു നിന്ന് വിലാപയാത്രയായായിരുന്നു മൃതദേഹം വീട്ടിലെത്തിച്ചത്. ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, രാധാകൃഷ്ണ മേനോന്‍, പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ്മ, ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല എന്നിവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.
അതേസമയം, ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം പന്തളത്ത് പെതു ദര്‍ശനത്തിന് വച്ച ശേഷം വിലാപയാത്ര നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അക്രമ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം പൊതു ദര്‍ശനം വേണ്ടെന്ന് തീരുമാനിച്ചിരുന്നു.
തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും ഇതാകാം മരണകാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങള്‍ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഉണ്ണിത്താന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഹൃദയസ്തംഭനമുണ്ടായതിന് കാരണം കല്ലേറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ തലയ്ക്ക് പരിക്കേറ്റത്. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്.