ജിഷ വധക്കേസ് ; അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി, വിധി ബുധനാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി.

എറണാകുളം സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവന നടത്തിയത്.

എന്നാല്‍, ശിക്ഷാവിധി പ്രഖ്യാപനം ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.

അതേസമയം, കേസില്‍ തെളിവ് നശിപ്പിക്കല്‍, ദലിത് പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകള്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

അതിക്രമിച്ചു കയറി, മാനഭംഗപ്പെടുത്തി, കൊലപ്പെടുത്തി എന്നീ മൂന്നു കുറ്റങ്ങള്‍ പ്രതി ചെയ്തതായി 574 പേജുള്ള കുറ്റപത്രത്തില്‍ ജഡ്ജി വ്യക്തമാക്കുന്നു.

അറസ്റ്റിലായി ഒരു വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പെരുമ്പാവൂരിലെ തൊഴിലാളിയും അസം നാഗോണ്‍ സ്വദേശിയുമായ അമീറുല്‍ ഇസ്ലാമാണ് (24) കേസില്‍ വിചാരണനേരിട്ട ഏക പ്രതി.

ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 (2) (പീഡനം), 201 (തെളിവ് നശിപ്പിക്കല്‍), 343 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടില്‍ അതിക്രമിച്ചുകടക്കുക), ദലിത് പീഡന നിരോധന നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ നടത്തിയത്.

കൊലക്കുപയോഗിച്ച കത്തിയില്‍ നിന്നും പ്രതിയുടെ ചെരിപ്പില്‍ നിന്നും അടക്കം വേര്‍തിരിച്ചെടുത്ത അഞ്ചു ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ടുകള്‍, പ്രതിയുടെ കൈവിരലിലുണ്ടായിരുന്ന മുറിവ് ജിഷ കടിച്ചതാണെന്ന ഡോക്ടറുടെ മൊഴി, അയല്‍വാസിയായ ശ്രീലേഖയുടെ മൊഴി തുടങ്ങിയവയാണ് പ്രതിക്കെതിരെ ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ കോടതിമുമ്പാകെ ഹാജരാക്കിയത്.

ആകെ 100 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 291 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് അഞ്ചു സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

പ്രതിക്കെതിരായ തെളിവുകള്‍ കുറ്റംതെളിയിക്കാന്‍ കഴിയുന്നതല്ലെന്നും ഇത് പിന്നീട് ഉണ്ടാക്കി എടുത്തതാണെന്നും മൊഴികളിലും മരണസമയത്തിലും വൈരുധ്യമുള്ളതായുമാണ് പ്രതിഭാഗം കോടതിമുമ്പാകെ നിരപരാധിത്വം തെളിയിക്കാനായി ഹാജരാക്കിയിരുന്നത്.

2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്.

Top