കോഴിക്കോട്: താമരശേരി പുതുപ്പാടി കൈതപ്പൊയിലില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തി.
മലബാര്‍ ഫിനാന്‍സിയേഴ്‌സിന്റെ ഉടമ കുപ്പായക്കോട് ഒളവങ്ങരയിലെ പി.ടി കുരുവിള എന്ന സജി (52) ആണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് കുരുവിളയ്ക്ക് നേരെ ആക്രമണം നടന്നത്. തൃശൂര്‍ സ്വദേശി സുമേഷ് ആണ് കൊലയാളിയെന്നാണ് സൂചന. പൊലീസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.
പണമിടപാട് സ്ഥാപനത്തിലെത്തിയ യുവാവ് കുരുവിളയുടെ മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ കുരുവിള ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്ന് വെപ്രാളത്തില്‍ താഴേക്ക് ചാടിയിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബന്ധുക്കളോട് സംസാരിച്ചിരുന്നെങ്കിലും പുലര്‍ച്ചെ നാലോടെ മരണം സംഭവിക്കുകയായിരുന്നു.