ഉദയ്പൂർ: രാജസ്ഥാനിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ടതിന് തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ. പ്രതികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി രാജ് എന്നിവരുടെ സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടലുകളിൽ നിന്നാണ് തീവ്രവാദ ബന്ധത്തിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തീവ്രവാദ ഗ്രൂപ്പായ ഐസിസുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പ്രതികളിലൊരാളുടെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുള്ള ചിത്രങ്ങളിൽ നിന്നുമാണ് ഐസിസ് ബന്ധമുള്ള സൂചനകൾ ലഭിച്ചത്. തയ്യൽകട ഉടമയായ കനയ്യ ലാൽ അളവെടുക്കുന്നതിനിടെ മുന്നിൽ നിന്നും പിന്നിൽ നിന്നും വെട്ടിയശേഷം അക്രമികൾ തലയറുത്ത് മാറ്റി. ഇവർ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചു. സംഭവത്തെ തുടർന്ന് രാജസ്ഥാനിൽ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് എൻ ഐ എ സംഘവും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.