ഏഴ് വയസുകാരന്റെ മരണം; അരുണ്‍ ആനന്ദിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തൊടുപുഴ: തൊടുപുഴയില്‍ ഏഴ് വയസുകാരനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പോക്‌സോ വകുപ്പ് പ്രകാരമുള്ള കേസില്‍ തെളിവെടുപ്പിനായിട്ടാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. എഴുവയസുകാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി സ്വമേധയാ കേസെടുത്തത്.

കഴിഞ്ഞ മാസം 28നു രാവിലെ 6നാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തലയിലേറ്റ ഗുരുതര പരുക്കുമായി കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യ നിലയില്‍ അല്‍പം പുരോഗതിയുണ്ടായെങ്കിലും 48 മണിക്കൂറിനു ശേഷമെടുത്ത സ്‌കാനിങ്ങില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ജീവന്‍രക്ഷാ ഔഷധങ്ങളുടെയും വെന്റിലേറ്ററിന്റെയും സഹായത്തോടെ 10 ദിവസം മരണത്തോട് മല്ലടിച്ചു ഒടുവില്‍ ആ കുരുന്ന് മരണത്തിന് കീഴടങ്ങി.

Top