ഉരുട്ടിക്കൊലക്കേസ് ; പൊലീസുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ഉദയകുമാറിന്റെ അമ്മ

തിരുവനന്തപുരം: തന്റെ മകന്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന പൊലീസുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അമ്മ പ്രഭാവതി. കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നെന്നും ഇനിയൊരമ്മയ്ക്ക് ഈ അനുഭവം ഉണ്ടാകരുതെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒപ്പം നിന്നവരോടുള്ള നന്ദിയും കടപ്പാടും തീര്‍ത്താല്‍ തീരുന്നതല്ലെന്നും പ്രഭാവതി പറഞ്ഞു.

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി വിധി വന്നതിനു ശേഷമായിരുന്നു പ്രഭാവതിയുടെ പ്രതികരണം.
തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് വിധി. ഒന്നും രണ്ടും പ്രതികളായ ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞു. മൂന്നാം പ്രതി സോമന്‍ വിചാരണക്കിടെ മരിച്ചിരുന്നു. അജിത് കുമാര്‍, ഇ.കെ.സാബു, ഹരിദാസ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി.

Top