കൊല്ലം: കൊല്ലം കടയ്ക്കലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന ആരോപണത്തെ പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ.
എങ്ങനെയാണ് സിപിഎം രക്തസാക്ഷി ലിസ്റ്റുകള്‍ സൃഷ്ടിക്കുന്നതെന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ചിതറയിലെ ബഷീറിന്റെ കൊലപാതകമെന്ന് ബല്‍റാം പറഞ്ഞു. കൊലപാതക പാര്‍ട്ടിയുടെ ഇത്തരം കപട പ്രചാരണങ്ങള്‍ക്ക് മണിക്കൂറുകളുടെ ആയുസ് മാത്രമാണ് ഉള്ളതെന്നും ബല്‍റാം പരിഹസിച്ചു.
സിപിഎം പ്രവര്‍ത്തകനായ ചിതറ വളവുപച്ച സ്വദേശി മുഹമ്മദ് ബഷീറാണു കഴിഞ്ഞ ദിവസം കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജഹാന് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് സിപിഎം ആരോപിച്ചിരുന്നു. എന്നാല്‍, പ്രതി ഷാജഹാന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് സഹോദരന്‍ സുലൈമാന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലും ജേഷ്ഠന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സിപിഎം കുപ്രചാരണം നടത്തുകയാണെന്നും സുലൈമാന്‍ പറഞ്ഞു.
കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തള്ളി കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. ബഷീറിന്റെ കപ്പ കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് ബഷീറിന്റെ സഹോദരി പറഞ്ഞത്. തുടര്‍ന്ന്, കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന സിപിഎം ആരോപണത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.