പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കൊലപാതകം; ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരായ ആരോപണം നിഷേധിച്ച് സിപിഎം

കൊല്ലം: കൊല്ലത്ത് ആളുമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളക്കെതിരായ ആരോപണം നിഷേധിച്ച് സിപിഎം. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയ്ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് സിപിഎം പറയുന്നത്.

ഇപ്പോള്‍ പിടിയിലായ പ്രതി വിനീതും കുടുംബവും കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണെന്നും പെണ്‍കുട്ടിയെ കമന്റടിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ലോക്കല്‍ സെക്രട്ടറി പറഞ്ഞു.

അതേസമയം, കേസ് പൊലീസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി കൊല്ലപ്പെട്ട രഞ്ജിത്തിന്റെ അച്ഛന്‍ രംഗത്തെത്തിയിട്ടുണ്ട്. മകന് മര്‍ദ്ദനമേറ്റിരുന്നു എന്ന പരാതി ഒത്തു തീര്‍പ്പാക്കാന്‍ തെക്കുംഭാഗം പൊലീസ് ശ്രമിച്ചെന്നാണ് രഞ്ജിത്തിന്റെ അച്ഛന്‍ പറയുന്നത്.

കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ പ്രതിചേര്‍ക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നത് വിവാദമായിരുന്നു. ചവറ തെക്കുംഭാഗത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്നാണ് മരിച്ച രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നത്.

Top