തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇരട്ട കൊലപാതക കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ട്. മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയ്ക്ക് രേഖപ്പെടുത്തും. പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്‌ഐആറില്‍ വ്യക്തമാണ്. ഡിവൈഎഫ്‌ഐക്കാരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി ആസൂത്രണം.
വാളും കത്തിയും ഉപയോഗിച്ച് ആറ് പേര്‍ ചേര്‍ന്ന് കൊല നടത്തി. നേരത്തെ ഡിവൈഎഫ്‌ഐക്കാരനായ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സജീവ്, അന്‍സാര്‍ എന്നിവരെയാണ് എഫ്‌ഐആറില്‍ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്തിരിക്കുന്നത്. അതേസമയം ഒന്നാം പ്രതിയായ സജീവ് ഉള്‍പ്പെടെ 9 പേര്‍ ഇതിനകം കസ്റ്റഡിയിലുണ്ട്.
ഇതില്‍ സജീവ്, സനല്‍, അജിത്ത്, എന്നിവര്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം വെഞ്ഞാറമൂട്, വെമ്പായം, കന്യാകുളങ്ങര, പേട്ട തുടങ്ങി വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് ജില്ലയിലെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.