മാപ്രാണം : സിനിമാ തിയേറ്ററിലേയ്ക്കുള്ള വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തിയേറ്റര്‍ നടത്തിപ്പുകാരനടക്കം നാലാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
മാപ്രാണം വര്‍ണ തിയേറ്ററിന് പിന്നില്‍ താമസിക്കുന്ന തളിയക്കോണം വാലത്ത് രാമന്‍കുട്ടിയുടെ മകന്‍ രാജന്‍ (67) ആണ് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. രാജന്റെ മരുമകന്‍ വിനു (35) ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റര്‍ വാടകയ്ക്കെടുത്ത് നടത്തുന്ന സഞ്ജയ് രവിയുടെയും മൂന്ന് ജീവനക്കാരുടെയുംപേരില്‍ പോലീസ് കേസെടുത്തു. ഇതില്‍ ഊരകം കൊടപ്പുള്ളി വീട്ടില്‍ മണികണ്ഠനെ (25) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണ്.
തിയേറ്ററിന് പിന്നിലെ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ തിയേറ്റര്‍ ഉപരോധിച്ചെങ്കിലും ഇരിങ്ങാലക്കുട സി.ഐ. പി.ആര്‍. ബിജോയ്, എസ്.ഐ. കെ.എസ്. സുബിന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.