ആലുവയിലെ കൊലപാതകം; പ്രതിയുടെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട് കേസിലെ പ്രതി അസ്ഫാക് ആലത്തിന്റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. മുദ്രവെച്ച കവറിലാണ് അസ്ഫാക് ആലത്തിന്റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍, ആലുവ ജയില്‍ അധികൃതര്‍, ജില്ലാ പ്രൊബേഷനറി ഓഫീസര്‍ എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്.

നേരത്തെ അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയതിനൊപ്പം പ്രതിയുടെ മാനസിക പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതി കുറ്റക്കാരനെന്ന് വിധിച്ച ശേഷമാണ് പ്രതിഭാഗം മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും വാദിച്ച പ്രൊസിക്യൂഷന്‍ പ്രതിക്ക് യാതൊരു മാനസിക പ്രശ്‌നവും ഇല്ലെന്നും പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

ആലുവയിലെ അഞ്ചുവയസ്സുകാരിക്ക് നേരെയുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതിക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങളും ഇല്ലെന്നും 100 ദിവസം പ്രതിയില്‍ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും നേരത്തെ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതോടെ നാളെയായിരിക്കും കേസിന്റെ ശിക്ഷാവിധിയിലെ വാദം കേള്‍ക്കുക.

Top