കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ അസ്ഫാഖ് ആലം കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത് കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴി. ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞു എന്നാണ് മൊഴി. കസ്റ്റഡിയിലെടുത്ത കോഴിക്കടക്കാരനാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ഇയാളാണ് അഫ്‌സാഖ് ആലത്തിന് പ്രദേശത്തെ വാടക വീട് ശരിയാക്കി നല്‍കിയത്. ഇക്കാര്യം ശരിയാണോ എന്ന് പൊലീസ് പരിശോധിക്കും.
വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജില്‍ നിന്ന് അഞ്ച് വയസുകാരിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാര്‍ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ അസഫാക്കെന്ന പ്രതി കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് പെണ്‍കുട്ടിയുടെ വീടനടുത്ത് താമസിക്കാന്‍ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ കെഎസ്ആര്‍ടിസി ബസ്സില്‍ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു.
പിന്നാലെ മണിക്കൂറുകള്‍ക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയില്‍ നിന്നാണ് പ്രതി പിടിയില്‍ ആയത്. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ശനിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.