തലശേരി ഇരട്ടക്കൊലപാതകത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ 

കണ്ണൂർ: തലശേരി ഇരട്ടക്കൊലപാതകത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്‌സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ലഹരി മാഫിയ നടത്തിയ കൊലപാതകത്തിൽ മുഖ്യപ്രതി പാറായി ബാബുവിനായി തെരച്ചിൽ തുടരുകയാണ്. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്ത് വന്നു. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരായ ഖാലിദിന്റെയും ഷമീറിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും.

ഇന്നലെ കണ്ണൂർ തലശേരിയിൽ സംഘർഷത്തിനിടെ മൂന്ന് പേർക്കാണ് കുത്തേറ്റത്. തലശേരി നിട്ടൂർ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വിൽപ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തർക്കവുമാണ് സംഘർഷത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.ബാബുവും ജാക്‌സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയിൽ പറയുന്നു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് സംഭവം. ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീർ എന്നിവരാണ് മരിച്ചത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.

ഷമീറിന്റെ സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബിനും സംഘർഷത്തിനിടെ കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്‌സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീർ നൽകിയ മൊഴിയിൽ പറയുന്നു.

ലഹരി വിൽപന ചൊദ്യം ചെയ്ത ഷമീറിന്റെ മകനെ ബുധനാഴ്ച ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്സൺ മർദിച്ചിരുന്നു. ഇവർ തമ്മിൽ വാഹനം വിറ്റ പണം സംബന്ധിച്ച തർക്കവുമുണ്ടായിരുന്നു. മകനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയ ഖാലിദിനേയും മറ്റും ഒത്തുതീർപ്പിന് എന്ന് പറഞ്ഞ് ജാക്‌സണും സംഘവും റോഡിലേക്ക് വിളിച്ചിറക്കി. സംസാരത്തിനിടയിൽ കൈയിൽ കരുതിയ കത്തിയെടുത്ത് ജാക്‌സൺ ഖാലിദിനെ കുത്തി. തടയാൻ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേറ്റു. ഖാലിദിനും ഷമീറിനും കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്ന് പൊലീസ് പറയുന്നു.

Top