9 വയസ്സുകാരിയുടെ കൊലപാതകം; ബിജെപി അധ്യക്ഷനെ തടഞ്ഞ് നാട്ടുകാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 9 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ ബിജെപി ദില്ലി അധ്യക്ഷന്‍ ആദേശ് ഗുപ്തയ്ക്ക് നേരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധം നടത്തുന്ന സ്ഥലത്തേക്കാണ് ആദേശ് ഗുപ്ത എത്തിയത്.

അദ്ദേഹം തിരിച്ചുപോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തുകയായിരുന്നു. നേരത്തെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തിയിരുന്നു. നിയമപോരാട്ടത്തിന് എല്ലാ വിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

കുട്ടിയുടെ മരണകാരണം എന്താണെന്ന് ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായിട്ടില്ലെന്നും എന്നാല്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ ആ ദിവസം തന്നെ അറസ്റ്റ് ചെയ്തു വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയെന്ന് ഡി സി പി ഇന്‍ജിത് പ്രതാപ് സിങ് പറഞ്ഞു. കുറ്റപത്രം 60 ദിവസത്തിനുള്ളില്‍ ഹാജരാക്കിയാല്‍ മതിയെന്നാണ് നിയമം. ഈ കേസില്‍ അത് അടിയന്തരമായി നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Top