പാലക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടുന്നതിനിടെ മലമ്പുഴയിൽ സി പി എം പ്രവർത്തകൻ ഷാജഹാനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് സി പി എം ഹർത്താൽ പ്രഖ്യാപിച്ചു. മരുത റോഡ് പഞ്ചായത്തിലാണ് സി പി എം ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാൻ. 39 വയസ്സായിരുന്നു. രാത്രി 9.15ഓടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. ആക്രമണത്തിൽ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഷാജഹാന് ആർ എസ് എസ് പ്രവർത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. ബി ജെ പി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008 ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്.