ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; നവംബര്‍ നാലിന് കോടതി വിധി പറയും

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോടതി നവംബര്‍ നാലിന് വിധി പറയും. കേസില്‍ 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 4 നാണ് കേസില്‍ വിചാരണ തുടങ്ങിയത്. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു.

ജൂലൈ 28 നാണ് 5 വയസുകാരി കൊല്ലപ്പെട്ടത്. ബിഹാര്‍ സ്വദേശി അസ്ഫാക് ആലമാണ് കേസില്‍ പ്രതി. ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ ജൂലൈ 28 നാണ് തൊട്ടടുത്ത മുറിയില്‍ പുതുതായി താമസിക്കാന്‍ വന്ന അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായെന്ന വിവരം നടുക്കത്തോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തെമ്പാടും തിരച്ചില്‍ ആരംഭിച്ച് വൈകാതെ തന്നെ അസ്ഫാക് ആലത്തെ പൊലീസ് പിടികൂടി.

അതിനിടയിലാണ് ജൂലൈ 29 ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അസ്ഫാക് ആലം കുട്ടിയെ കൂട്ടി കടയില്‍ പോയി ജ്യൂസ് വാങ്ങി നല്‍കി ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയതാണ്. പിന്നീട് പ്രതിയുടെ സിസിടിവി ദൃശ്യമടക്കം കിട്ടിയിരുന്നു.

അസ്ഫാക് ആലം മാത്രമാണ് കേസിലെ ഏക പ്രതി. കൊലപാതകം ബലാല്‍സംഗം തട്ടിക്കൊണ്ടുപോകല്‍ തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്താരം കേസില്‍ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്ഫാക് ആലത്തെ വിസ്തരിച്ചത്. തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു കേസില്‍ പ്രതിയുടെ വാദം.

Top