വിദേശത്ത് നിന്നുമെത്തി കൊല നടത്തി മടങ്ങുന്ന സംഘം, ഞെട്ടി തരിച്ച് കേരള പൊലീസ് !

Murder of radio jockey

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകികളെ കുറിച്ച് വിവരം ലഭിച്ചതോടെ കേരള പൊലീസ് ഇപ്പോള്‍ അന്തം വിട്ടിരിക്കുകയാണ്. ഒരു വിദേശ രാജ്യത്ത് നിന്ന് ക്വട്ടേഷന്‍ ഏറ്റെടുത്ത് കേരളത്തിലെത്തി കൃത്യം നിര്‍വഹിച്ച നടപടിയാണ് പൊലീസിനെ അമ്പരപ്പിച്ചിരിക്കുന്നത്.

ഖത്തറില്‍ നിന്നെത്തിയ സംഘത്തിലെ രണ്ടു പേര്‍ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയിരുന്നത് എന്നതും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഖത്തറിലേക്ക് കടക്കാതിരിക്കാന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

നാല്‍വര്‍ സംഘത്തിലെ മൂന്ന് പേരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സഹിതമാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും നോട്ടീസ് അയച്ചത്. ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെയടക്കം സഹായം തേടാനാണ് നീക്കം.

അതേസമയം സംഭവത്തില്‍ തീവ്രസ്വഭാവമുള്ള ഒരു സംഘടനയ്ക്കും പങ്കുണ്ടെന്ന കാര്യത്തിലും പൊലീസിന് സംശയുണ്ട്. കൊലപാതകം ക്വട്ടേഷനാണെന്ന് ഉറപ്പിച്ച പൊലീസ് ഈ വഴിക്കുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാജേഷുമായി പരിചയമുള്ള ഖത്തറിലെ നൃത്താദ്ധ്യാപികയായ യുവതിയുടെ ഭര്‍ത്താവിന്റെ ക്വട്ടേഷനാണെന്ന സംശയം തുടക്കം മുതല്‍ ഉണ്ടായിരുന്നു.

വ്യത്യസ്ത മതസ്ഥരായ ഈ ദമ്പതികളുടേത് പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞതോടെ യുവതി മതം മാറിയെന്നും പറയപ്പെടുന്നു. ഖത്തറില്‍ ജോലിയ്‌ക്കെത്തിയ രാജേഷും യുവതിയും അതിനിടെ പരിചയക്കാരായി. അത് യുവതിയുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നമുണ്ടാക്കി. അതിനിടെ രാജേഷ് നാട്ടിലേക്ക് മടങ്ങിയെങ്കിലും യുവതിയുമായുള്ള ബന്ധം തുടര്‍ന്നു. അത് ഇഷ്ടപ്പെടാതിരുന്ന യുവതിയുടെ വ്യവസായിയായ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനാണ് രാജേഷിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. അത് ഒരു തീവ്രസ്വഭാവമുള്ള ഗ്രൂപ്പില്‍പെട്ടവരെയാണ് ഏല്‍പ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ചിലരുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരം റൂറല്‍ പൊലീസ് സ്‌പെഷ്യല്‍ ടീം നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. വിവരങ്ങള്‍ ഒന്നുംതന്നെ ഇപ്പോള്‍ പുറത്ത് വിടരുതെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം.

Top