ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇന്നലെ രാത്രി പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. എട്ടു സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം.

പ്രതികള്‍ സഞ്ചരിച്ച വാഹനം വാളയാര്‍ തൃശ്ശൂര്‍ ഹൈവേയില്‍ പ്രവേശിച്ചെന്ന് വ്യക്തമായതിനാല്‍ ഹൈവേ കേന്ദ്രീകരിച്ച് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. തമിഴ്‌നാട് അതിര്‍ത്തിയായ വാളയാര്‍, നെടുമ്പാശേരി ഭാഗത്തേക്കുള്ള പ്രധാന ടോളായ പാലിയേക്കര അടക്കമുളള ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. പ്രതികള്‍ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. വെള്ള മാരുതി കാറാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന ദൃക്‌സാക്ഷി മൊഴികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികള്‍ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു കൊലപാതകം. മമ്പ്രത്തെ ഭാര്യവീട്ടില്‍ നിന്നും ഭാര്യയുമായി ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കില്‍ നിന്നും സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികള്‍ ഭാര്യയുടെ മുന്നില്‍ വച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

Top