സിസ്റ്റര്‍ അമലയുടെ കൊലപാതകം; പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കോട്ടയം: പാലായിലെ കന്യാസ്ത്രീയുടെ കൊലപാതകത്തില്‍ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷയും 2.,10000 രുപ പിഴയും വിധിച്ചു. പ്രതിയായ സതീഷ് ബാബുവിനാണ് പാലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

പാലാ ലിസ്യൂ കര്‍മ്മലീത്ത കോണ്‍വെന്റിലെ കന്യാസ്ത്രീ അമലയെ മോഷണശ്രമത്തിനിടെ സതീഷ് ബാബു കൊലപ്പെടുത്തിയെന്നാണ് കോടതി വ്യക്തമാക്കിയത്. ശിക്ഷ വിധി സംബന്ധിച്ച വാദത്തില്‍ പ്രതിയെ ജീവിതാവസാനം വരെ ജയിലിലിടണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. കന്യാസ്ത്രീയെ തലക്കടിച്ച ശേഷമാണ് പ്രതി ബലാത്സംഗം ചെയ്തത്. എന്നാല്‍ വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടില്ല.

കൊലപാതകം, ബലാത്സംഗം, ഭവനഭേദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. എന്നാല്‍, മോഷണക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിയുടെ പ്രായവും പ്രായമായ അച്ഛനമ്മമാരുടെ മകന്‍ എന്ന പരിഗണനയും വേണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷന്റെ വാദം.

2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ ഹരിദ്വാറില്‍ നിന്നാണ് പിടികൂടിയത്.

2015ല്‍ ഭരണങ്ങാനം അസീസി കോണ്‍വന്റില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചിരിക്കുന്നത്.

Top