പനാജി: ഗോവയില്‍ യുവാവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി വനത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയുള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുന്‍പാണ് കല്‍പന ബസു(31) ഭര്‍ത്താവായ ബസുവരാജ് ബസുവിനെ കൊലപ്പെടുത്തിയത്.
വീട്ടിലുണ്ടായ ചെറിയ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കല്‍പന പൊലീസിന് മൊഴി നല്‍കി.അതിന് ശേഷം ഭര്‍ത്താവിന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. മൃതദേഹം വെട്ടിമുറിക്കാനും കാട്ടിലുപേക്ഷിക്കാനും ഇവര്‍ സ്വയം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.
ബസുവരാജിന്റെ സുഹൃത്തുക്കളായ മൂന്നുപേരില്‍ ഒരാളുടെ ഭാര്യ പൊലീസിന് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സംഭവം പുറത്തായത്. തന്റെ ഭര്‍ത്താവ് അസ്വാഭാവികമായി പെരുമാറുന്നുണ്ടെന്ന തോന്നല്‍ ശക്തമായതിനെ തുടര്‍ന്ന് ഭാര്യ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കൊലപാതകവിവരം പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ ആരുടെ ഭാര്യയാണ് പരാതി നല്‍കിയതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.വീട്ടില്‍ വെച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നല്‍കി.
മൃതദേഹം മൂന്നായി മുറിച്ചതിന് ശേഷം ചാക്കുകളിലാക്കി ഗോവ- കര്‍ണാടക അതിര്‍ത്തിയിലെ വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രദേശത്ത് തെരച്ചില്‍ നടത്തിയ പൊലീസിന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞു.മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
കല്‍പന ബസുവിനേയും ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ സുരേഷ് കുമാര്‍, അബ്ദുല്‍ കരീം ഷെയ്ഖ്, പങ്കജ് പവാര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കല്‍പനക്കും ബസുവരാജ് ബസുവിനും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളുണ്ട്.