കോട്ടയം: സഹോദരന്റെ പത്തു വയസുള്ള മകനെ കഴുത്തില്‍ ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മയ്ക്ക് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയായി ലഭിക്കുന്ന തുക കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് നെടും തൊട്ടിയില്‍ വിജയമ്മ (57)യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിജയമ്മയുടെ സഹോദരന്‍ ഷാജിയുടെ മകന്‍ രാഹുലിനെ കൊലപ്പെടുത്തിയ കേസില്‍ കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ജ്യോതിസ് ബെന്‍ ആണ് വിധി പ്രസ്താവിച്ചത്. 2013 സെപ്റ്റംബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പിണങ്ങി കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനും അവരുടെ വിവാഹമോചനം സാധ്യമാകാനുമായിരുന്നു കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിവാഹ മോചനം നേടിയാല്‍ സഹോദരന്റെ സ്വത്ത് തനിക്കു ലഭിക്കുമെന്നു കരുതി സഹോദരന്റെ മകനെ ചരട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.