തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസ്; അമ്മ അറസ്റ്റില്‍

തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം മറച്ചു വെയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ഇവരുടെ രണ്ടാംഭര്‍ത്താവ് അരുണ്‍ ആനന്ദ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമെ ലൈംഗികാതിക്രമങ്ങള്‍ക്കും പ്രതി വിധേയനാക്കിയിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

പോക്‌സോയ്‌ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളും പ്രതി അരുണ്‍ ആനന്ദിന് നേരെ പൊലീസ് ചുമത്തിയിരുന്നു.

അതേസമയം, മരിച്ച ഏഴു വയസുകാരന്റെ അനിയനെ ഒരു മാസത്തേക്ക് അച്ഛന്റെ കുടുംബത്തിനൊപ്പം വിടാന്‍ ഉത്തരവായിരുന്നു.

ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയാണ് കുട്ടിയുടെ പിതാവിന്റെ വീട്ടുകാരുടെ ആവശ്യപ്രകാരം തീരുമാനം എടുത്തത്. അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചായിരുന്നു ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

Top