യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ കേരള വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം: കൊല്ലത്ത് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ കേരള വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി ജോസഫൈയിന്റെ നിര്‍ദ്ദേശപ്രകാരം യുവതി കൊല്ലപ്പെട്ടതു സംബന്ധിച്ച് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു.

അതേസമയം വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ ഡിജിപിക്ക് കത്ത് നല്‍കി.

പ്രതികളായ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുമുണ്ട്. ഭര്‍ത്താവ് ചന്തുലാലിനും അമ്മ ഗീതാലാലിനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

മാര്‍ച്ച് 21നാണ് തുഷാര (27) എന്ന യുവതിയെ ചെങ്കുളം പറണ്ടോട്ടുള്ള ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 21ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍മാര്‍ തുഷാരയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ ചന്തുലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു.

ബന്ധുക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി. ഏറെനാളായി തുഷാരയ്ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും പോഷകാഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് മരണമെന്നും കണ്ടെത്തി. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു.

Top