പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

SUICIDE

പുരുലിയ: പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വൈദ്യുതിപോസ്റ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ബിജെപിയുടെ വാദം പൊളിഞ്ഞു. ആത്മഹത്യയാണന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

സംഭവം കൊലപാതകമാണെന്നും കൊലപാതകികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷിക്കുന്നതിനു വേണ്ടിയാണ് പൊലീസ് ആത്മഹത്യാ വാദം ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്ദന്‍ ബസു ആരോപിച്ചിരുന്നു. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ദുലാല്‍ കുമാര്‍ എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം വൈദ്യുതിപോസ്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു ദിവസത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ ബിജെപി പ്രവര്‍ത്തകനായിരുന്നു ദുലാല്‍. ഇതിനെ തുടര്‍ന്ന് ബിജെപി ആരോപണം ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു.

Top