തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച തമിഴ്നാട് സ്വദേശി മുരുകന് വെന്റിലേറ്റര്‍ നിഷേധിച്ചെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന കാരണം പറഞ്ഞാണ് മുരുകനെ തിരിച്ചയച്ചത്. എന്നാല്‍ ആ സമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മുരുകന്റെ മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ലഭ്യമല്ലായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചാത്തന്നൂര്‍ അസി.കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പുലര്‍ച്ചെ വാഹനാപകടത്തില്‍ അത്യാസന്ന നിലയില്‍ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചത്. മണിക്കൂറുകളോളം ആംബുലന്‍സില്‍ കാത്തുകിടന്നിട്ടും വെന്റിലേറ്റര്‍ ലഭിക്കാതെ രോഗിയേയും കൊണ്ട് ആംബുലന്‍സ് തിരികെ പോകുകയായിരുന്നു.