ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കാന്‍ സൗകര്യം.

മസ്‌ക്കറ്റ്: ഒമാനിലെ പണവിനിമയ സ്ഥാപനങ്ങള്‍ വഴി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കാന്‍ സൗകര്യം. സെപ്റ്റംബര്‍ അവസാനത്തോടെ രാജ്യത്തെ ഇരുനൂറിലധികം എക്‌സ്‌ചേഞ്ച് ശാഖകളിലൂടെ ഫീസ് അടയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുതിയ പദ്ധതിക്ക് ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം ലഭിച്ചതായി പണമിടപാട് സ്ഥാപന അധികൃതര്‍ അറിയിച്ചു. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളില്‍ കഴിഞ്ഞ നാല് മാസമായി പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയിരുന്ന സംവിധാനമാണ് രാജ്യത്തെ മറ്റ് ഇന്ത്യന്‍ സ്‌കൂളുകളിലും വ്യാപിപ്പിക്കുന്നത്.

ഇതിനായി രാജ്യത്തെ മുന്‍നിര പണവിനിമയ സ്ഥാപനങ്ങളില്‍ നിന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി അപേക്ഷകള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് സ്വീകരിക്കുവാന്‍, ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം ലഭിച്ചതായി പണവിനിമയ സ്ഥാപന അധികൃതരും വ്യകതമാക്കി.

രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന പണവിനിമയ സ്ഥാപനങ്ങളില്‍ ഈ സംവിധാനം ആരംഭിക്കുന്നത് രാജ്യത്തെ ബഹുഭൂരിപക്ഷം ഇന്ത്യക്കാരായ രക്ഷിതാക്കള്‍ക്ക് ഗുണകരമാകും.

Top