തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമ കേസിലേയും കുറവന്‍കോണത്തെ വീടാക്രമണ കേസിലേയും പ്രതി ഒരാള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂർക്കട സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ വ്യക്തമായത്. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ മ്യൂസിയം കേസിലും മലയിൻകീഴ് സ്വദേശി സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
ജലസേചന മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവറാണ് പ്രതി സന്തോഷ്. സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്റെ ഫോണ്‍ രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും ഒരാള്‍ തന്നെയാണെന്ന കാര്യം വ്യക്തമായത്. ഇയാള്‍ കാര്‍ മ്യൂസിയം വളപ്പില്‍ കൊണ്ടിടുന്നതും ആക്രമണശേഷം വാഹനമെടുത്ത് പോവുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്.
കുറവന്‍കോണത്തെ വീട്ടിലെ അതിക്രമ ശേഷം ടെന്നീസ് ക്ലബ്ബിന് പരിസരത്തേക്കെത്തുന്ന സന്തോഷ് തുടര്‍ന്ന് മ്യൂസിയം പരിസരത്തേക്കെത്തുകയും കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്. തുടര്‍ന്ന് ഓടി പുറത്തുകടന്ന ശേഷം വീണ്ടും കാറെടുത്ത് ടെന്നീസ് ക്ലബ്ബിന്റെ ഭാഗത്തേക്കു പോവുകയായിരുന്നു. ഈ സമയങ്ങളില്‍ സന്തോഷിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും ഇവിടങ്ങളിലായിരുന്നു.