musharraf warns of pak counter strike if india retaliates for uri attack

Parves mushraff

ന്യൂഡല്‍ഹി : നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടി നല്‍കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിനു മറുപടിയുമായി മുന്‍ പാക്ക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്.

സൈനിക തിരിച്ചടിയെക്കുറിച്ച് സംസാരിക്കുന്നത് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയായാലും സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ (ഡിജിഎംഒ) ആയാലും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചുകൂടി ഓര്‍ക്കണം.

പാക്ക് സൈന്യത്തിന്റെ കരുത്തിനെക്കുറിച്ച് തിരിച്ചടിയുടെ അവസാനമായിരിക്കും ഡിജിഎംഒ മനസ്സിലാക്കുകയെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മുഷറഫ് പറഞ്ഞു.

നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് ഇന്ത്യ തിരിച്ചടിക്കുമെങ്കില്‍ അതേരീതിയില്‍ പാക്കിസ്ഥാനും തിരിച്ചടിക്കും. ആ തിരിച്ചടി ഞങ്ങള്‍ നിശ്ചയിച്ച സമയത്തും സ്ഥലത്തുമായിരിക്കും.

അതു തടയാന്‍ ഇന്ത്യയ്ക്കാവില്ല. കശ്മീരില്‍ എന്താക്രമണം ഉണ്ടായാലും അതിനു പാക്കിസ്ഥാനെയും പാക്ക് സൈന്യത്തെയുമാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നതെന്നും മുഷറഫ് പറഞ്ഞു. ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് സഹായം നല്‍കുന്നത് പാക്ക് സൈന്യമാണെന്ന ഇന്ത്യയുടെ വാദത്തെയും മുഷറഫ് തള്ളി.

ഭീകരാക്രമണമുണ്ടായ ഉറിയിലെ കരസേനാ താവളത്തിനു സമീപത്തുനിന്നും കണ്ടെടുത്ത പാക്കിസ്ഥാന്‍ മുദ്രയുള്ള ഉപകരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത്തരം ഉപകരണങ്ങള്‍ ലോകത്തിന്റെ ഏതുഭാഗത്തുനിന്നും വാങ്ങാന്‍ കഴിയുമെന്നായിരുന്നു മുഷറഫിന്റെ മറുപടി.

ഏതു രാജ്യത്തിന്റെ മുദ്രയുള്ള ഉപകരണങ്ങളും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും സുലഭമായി ലഭിക്കും. താലിബാന്‍, അല്‍ ഖായിദ തുടങ്ങി ഭീകരസംഘടനകളെല്ലാം ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യ കണ്ടെത്തിയ ഈ തെളിവുകള്‍ അടിസ്ഥാനമാക്കി ഭീകരര്‍ പാക്കിസ്ഥാനില്‍നിന്നും എത്തിയതാണെന്നു പറയാനാവില്ല. പാക്ക് സൈന്യവും പാക്കിസ്ഥാന്‍ സര്‍ക്കാരുമാണ് ഉറി ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു വരുത്തിത്തീര്‍ക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതാണ്. ഇപ്പോള്‍ സംഘടനയുടെ പ്രവര്‍ത്തനം അത്ര സജീവമല്ല.

ജെയ്‌ഷെ മുഹമ്മദ് ഇപ്പോഴും പാക്കിസ്ഥാനില്‍ നിരോധിത സംഘടനയാണ്. എന്നാല്‍ ലഷ്‌കറെ തൊയിബയ്ക്ക് നിരോധനമില്ല. ഭീകരസംഘടനകള്‍ക്കുമേല്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അനുയോജ്യമായ രീതിയില്‍ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും മുഷ്‌റഫ് പറഞ്ഞു.

Top