കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തകര്‍ ആറു മൃതദേഹം കൂടി കനാലില്‍നിന്നും പുറത്തെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തനായി ബഹരാംപുര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രിവരെ 36 മൃതദേഹങ്ങളാണ് കണ്ടെത്തിയിരുന്നത്.
തിങ്കളാഴ്ച രാവിലെ മുര്‍ഷിദാബാദിലായരുന്നു അപകടം. ബസ് ബലിഗഡ് പാലം കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ബസില്‍ 56 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകട സമയം ബസ് അമിതവേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
നാദിയ ജില്ലയിലെ കരിപുരില്‍നിന്നും മൂര്‍ഷിദാബാദ് വഴി മാല്‍ഡയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയം ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടാണ് ബസ് ഓടിച്ചിരുന്നതെന്ന് രക്ഷപെട്ട യാത്രക്കാരിലൊരാള്‍ പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ ധനസാഹയം പ്രഖ്യാപിച്ചു.