കൊച്ചി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണെ’ എന്ന ഗാനം മോഷ്ടിച്ചെന്ന ആരോപണത്തിന് മറുപടിയുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ രംഗത്ത്. സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടില്ലാത്ത പാട്ടുകളുടെ അവകാശം ഒരിക്കലും താന്‍ എടുത്തിട്ടില്ല. ഗാനം നിര്‍മിക്കുക മാത്രമാണ് ചെയ്തത്. സത്യജിത്തിന്റെ പേര് കമ്പോസര്‍ ആയും തന്റെ പേര് മ്യൂസിക് പ്രൊഡ്യൂസര്‍ ആയും വയ്ക്കാനാണ് 24/7 എന്ന ഓഡിയോ കമ്പനിയോട് ആവശ്യപ്പെട്ടതെന്നും ഷാന്‍ പറയുന്നു. യുട്യൂബിലും മറ്റ് പ്ലാറ്റ്ഫോമിലും നല്‍കിയിട്ടുള്ള വിവരങ്ങളില്‍ ഉടന്‍ തന്നെ മാറ്റം വരുത്തുമെന്നും ഷാന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
പാട്ട് റിലീസ് ചെയ്തപ്പോള്‍ തന്നെ നിരവധി ഡിസ്ലൈക്കുകള്‍ വന്നിരുന്നു. ഇത് കാരണം പിന്നീട് യൂട്യൂബില്‍ ഗാനം ശ്രദ്ധിച്ചില്ലെന്നാണ് ഷാന്‍ പറയുന്നത്. പാട്ട് പ്രൊഡ്യൂസ് ചെയ്തതും അറൈഞ്ച് ചെയ്തതും ഷാന്‍ റഹ്മാന്‍ എന്ന് ഇടുന്ന രീതിയാണ് ഓഡിയോ കമ്പനികള്‍ക്കുണ്ട്. ഗായകരുടെ പേരുകളും മറ്റും യുട്യൂബില്‍ കൃത്യമായാണോ നല്‍കിയിരിക്കുന്നതെന്ന് നോക്കുന്നത് ചലച്ചിത്ര നിര്‍മാതാക്കള്‍ ചെയ്യേണ്ടതാണ്.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാന്‍ റഹ്മാന്റെ പ്രതികരണം.