മലപ്പുറം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ തുറന്നടിച്ച് പ്രതിപക്ഷം. സ്വര്‍ണക്കടത്തിലടക്കം മന്ത്രി കെ ടി ജലീലിന് പങ്കുണ്ടെന്നതിന്റെ തെളിവ് ഓരോന്നായി പുറത്തുവരികയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആരോപിച്ചു.
മാന്യതയുണ്ടെങ്കില്‍ കെ ടി ജലീല്‍ തല്‍സ്ഥാനത്ത് നിന്ന് രാജി വെയ്ക്കണം. സ്വപ്ന സുരേഷുമായി ജലീല്‍ നിരന്തരം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ജലീലിനെ സംരക്ഷിക്കുന്നതെന്ന് ലീഗ് ചോദിക്കുന്നു. ഇ പി ജയരാജനെയും തോമസ് ചാണ്ടിയെയും ശശീന്ദ്രനെയും മാറ്റി നിര്‍ത്താമെങ്കില്‍ എന്തുകൊണ്ട് ജലീലിനെതിരെ നടപടിയുണ്ടാകുന്നില്ല എന്നും ലീഗ് ചോദിച്ചു.
ജലീലിനെ സംരക്ഷിക്കുന്നതിലൂടെ സിപിഎമ്മിന്റെ മുഖം വികൃതമാകുകയാണെന്നും മജീദ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് നോക്കി ശക്തമായ സമരത്തിലേക്ക് ലീഗ് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.