ന്യൂയോർക്ക്: കഴിഞ്ഞദിവസം മൈക്രോബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിന്റെ ലോഗോ ‘നീലക്കിളി’യുടെ സ്ഥാനത്ത് ട്രോൾ ചിത്രമായ ഡോഗിയെ കണ്ട് എല്ലാവരും അമ്പരന്നിരുന്നു. ഇപ്പോൾ ട്വിറ്ററിൽ നിന്ന് പറത്തിവിട്ട നീലക്കിളിയെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് സിഇഒ ഇലോൺ മസ്ക്.
ട്വിറ്ററിന്റെ വെബ് പതിപ്പിൽ മാത്രമാണ് കഴിഞ്ഞദിവസം ലോഗോ മാറ്റിയത്. ഇന്ന് വീണ്ടും നീലക്കിളിയെ മസ്ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ട്വിറ്ററിന്റെ മൊബൈൽ ആപ്പുകളിലെ ലോഗോയിൽ മാറ്റം വരുത്തിയിരുന്നില്ല.
ഷിബ ഇനു ഇനത്തിൽപെട്ട നായയുടെ തലയാണ് ഡോഗി എന്ന പേരിൽ 10 വർഷത്തോളമായി ട്രോളുകളിലുള്ളത്. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളെ പരിഹസിക്കാൻ 2013 ൽ ഈ ചിത്രം ലോഗോയാക്കി പുറത്തിറങ്ങിയ ഡോഗ്കോയിൻ എന്ന ക്രിപ്റ്റോകറൻസിയിൽ നിന്നാണ് ഡോഗി എന്ന ട്രോൾ ഉണ്ടായത്.
ഡോഗ്കോയിനെ പിന്നീട് ഇലോൺ മസ്ക് പിന്തുണച്ചു തുടങ്ങിയതോടെ അതിന്റെയും മൂല്യമുയർന്നു. ട്വിറ്റർ ലോഗോ മാറ്റി പകരം ഡോഗിന്റെ ചിത്രം ലോഗോ ആക്കിക്കൂടെ എന്നു കഴിഞ്ഞ മാസം ഒരാൾ ചോദിച്ചപ്പോൾ അങ്ങനെ ചെയ്യുമെന്ന് മസ്ക് ഉറപ്പുനൽകിയിരുന്നു. തുടർന്ന് ലോഗോ മാറ്റത്തിലൂടെ വാക്ക് പാലിച്ചു എന്ന് മസ്ക് വ്യക്തമാക്കി. ട്വിറ്ററിന്റെ ലോഗോ മാറ്റത്തെത്തുടർന്ന് ഡോഗ്കോയിന്റെ വില കുതിച്ചുയർന്നിരുന്നു. 30 ശതമാനത്തിലധികമാണ് വില ഉയർന്നത്. നിലവിൽ ഇതിന്റെ മൂല്യം താഴ്ന്നിരിക്കുകയാണ്. ഇതാണോ വീണ്ടും ലോഗോ മാറ്റാൻ മസ്കിനെ പ്രേരിപ്പിച്ചത് എന്ന കാര്യവും ചർച്ചയായിരിക്കുകയാണ്.