പാകിസ്ഥാനിലെ നിയമ വിദ്യാര്‍ത്ഥിനി ഖദീജ 23 കുത്തുകളേറ്റ് പട്ടാപ്പകല്‍ മരിച്ച് വീണ കേസില്‍ കാരണം വളരെ നിസ്സാരമായിരുന്നു. പ്രതിയും സഹപാഠിയുമായിരുന്ന ഷാ ഹുസൈന്‍ അവളുമായി ബന്ധത്തിന് ആഗ്രഹം പ്രകടിപ്പിച്ചത് പെണ്‍കുട്ടി നിഷേധിച്ചു. കൊലക്കേസില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 7 വര്‍ഷം അയാള്‍ക്ക് ശിക്ഷ വിധിച്ചു, സെഷന്‍സ് കോര്‍ട്ട് അത് 5 വര്‍ഷമായി ചുരുക്കി. മൂന്ന് മാസത്തിനു ശേഷം ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ അയാളെ വെറുതെ വിട്ടു. ഇപ്പോള്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
പാക് മോഡല്‍ ഖന്‍ദീല്‍ ബലോചിനെ സഹോദരന്‍ ശ്വാസം മുട്ടിച്ച് കൊന്നതാണ് മറ്റൊരു കേസ്. നിര്‍ബന്ധിച്ച് വിവാദം കഴിപ്പിച്ച ഖന്‍ദീല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ അഭയം തേടി. മാനം രക്ഷിക്കാന്‍ ഏറ്റവും ഇളയ സഹോദരന്‍ അവളെ കൊന്നു കളഞ്ഞു. 2016ലാണ് സംഭവം. അതേ വര്‍ഷം പാക് മനുഷ്യാവകാശ കമ്മീഷന്‍ 326 ദുരഭിമാന കൊലകളുടെ കണക്കുകള്‍ പുറത്തു വിട്ടു. അതില്‍ 67 എണ്ണം ഭര്‍ത്താവോ മുന്‍ ഭര്‍ത്താവോ കാരണം, 64 എണ്ണം സഹോദരര്‍ പ്രതികള്‍, 41 എണ്ണത്തില്‍ രക്ഷിതാക്കളാണ് കുറ്റക്കാര്‍, 30 എണ്ണം ബന്ധക്കള്‍ വഴി, 15 എണ്ണം ഭര്‍തൃ മാതാപിതാക്കളുടെ കൈ കൊണ്ട് പത്തെണ്ണത്തില്‍ മക്കളാണ് കുറ്റക്കാര്‍.!!!!!
അഫയ സിയയുടെ പുസ്തകത്തില്‍ പാകിസ്ഥാനിലെ ഇസ്ലാമിസത്തെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ട്. അതില്‍ പാകിസ്ഥാനിലെ മുസ്ലീം
സ്ത്രീകളെ വിശദമായി വിവരിക്കുന്നു. മധ്യവര്‍ഗ്ഗ മുസ്ലീം ഉണര്‍വ്വുകളോടെ രാജ്യത്ത് ഫെമിനിസ്റ്റ് മുന്നേറ്റങ്ങള്‍ ദുര്‍ബ്ബലമായിപ്പോയെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തുന്നു. സ്വതന്ത്ര ആശയങ്ങളുള്ളവര്‍ പോലും ഭയം കാരണം പിന്നോട്ട് പോകുന്നു.
1980കളിലെ ജനറല്‍ സിയാ അല്‍ ഹാഖിന്റെ കീഴിലുള്ള പട്ടാള ഭരണത്തില്‍ സ്ത്രീവിരുദ്ധ നിലപാടുകള്‍ ശക്തിപ്രാപിച്ചു. അതൊരു പാരമ്പര്യമായി ഇന്നും നിലനിന്ന് പോരുന്നു. നിശബ്ദത വലിയ പാപമാണെന്ന് തിരിച്ചറിഞ്ഞവര്‍ അക്കാലത്ത്ഉണ്ടായിരുന്നു.
മാനഭംഗത്തിനിരയാകുന്ന സ്ത്രീ സ്വയം നിരപരാധിത്വം തെളിയിക്കുകയോ അല്ലെങ്കില്‍ കടുത്തശിക്ഷ ഏറ്റു വാങ്ങുകയോ ചെയ്യണമെന്നു വ്യവസ്ഥ ചെയ്യുന്ന ഹുദൂദ് ഓര്‍ഡിനന്‍സ്-2006 പോലുള്ള കാടന്‍ നിയമങ്ങള്‍ക്കെതിരെ വിമന്‍സ് ആക്ഷന്‍ ഫോറം പ്രതികരിച്ചു. ശത്രുക്കളെ തിരിച്ചറിഞ്ഞ് പോരാടൂ.. എന്ന മുദ്രാവാക്യങ്ങള്‍ എല്ലാം അതിന്റെ ഫലങ്ങളായിരുന്നു..
ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മുസ്ലിം സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ഗാര്‍ഹിക പീഡനങ്ങള്‍, ശൈശവ വിവാഹം, സ്ത്രീ ചേലാകര്‍മം, ദുരഭിമാന കൊല, വംശീയ വിദ്വേഷം തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ-ലിംഗ പ്രശ്‌നങ്ങള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിന്റെയൊക്കെ ബഹുവിധ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഖ്യാനങ്ങള്‍ ലിബറല്‍/മുതലാളിത്ത സ്വഭാവമുള്ള മുഖ്യധാരാ മാധ്യമങ്ങളിലൂടെയും പ്രസാധന വ്യവസായത്തിലൂടെയും പ്രചരിപ്പിക്കപ്പെട്ടു. ആ മേഖലയില്‍ വലിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കിയത് മുസ്ലിം സ്ത്രീകളുടെ അനുഭവ എഴുത്തുകളാണ്. ശബ്ദങ്ങളാണ്…….
സ്വത്തവകാശത്തെ സംബന്ധിച്ചും സ്ത്രീ വിദുദ്ധ നിയമ നിര്‍മ്മാണങ്ങളുണ്ടായി. ഇന്ത്യയിലും മുസ്ലീം സ്ത്രീകള്‍ക്ക് ഹിന്ദുസ്ത്രീകളുടെ അവകാശങ്ങള്‍ക്കൊപ്പമെത്താന്‍ ഇനിയും ഏറെ ദൂരമുണ്ട്. സര്‍വ്വ സമ്മതമായ അടിമത്തമാണ് മുസ്ലീം സ്ത്രീകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന മുസ്ലീം ഫെമിനിസ്റ്റ് മുന്നേറ്റങ്ങള്‍ എല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മതത്തോട് അതി വിധേയത്വം പ്രകടമാക്കുന്നവയാണ്. അതില്‍ നിന്ന് മാറ്റം വരുന്നതാണ് യഥാര്‍ത്ഥ മുന്നേറ്റങ്ങള്‍!! ഉറച്ച ശബ്ദങ്ങള്‍ക്കാണ് സ്ഥാനമുള്ളത്. ദുരഭിമാന കൊലകളിലൂടെ നിശബ്ദമാക്കപ്പെടുന്ന ആശയങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ അവ നിലനില്‍ക്കും…….