Muslim law board shows the door to woman member who opposed triple talaq

ന്യൂഡല്‍ഹി: മുത്തലാഖിനെ എതിര്‍ത്തതിന് ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡില്‍ നിന്നു വനിതാ അംഗത്തെ ഒഴിവാക്കി.

ബോര്‍ഡിലെ ഏക വനിതാ അംഗമായ റുക്‌സാന നിഖാത് ലാരിയെയാണ് ഒഴിവാക്കിയത്. ഇവരുടെ കാലാവധി കഴിഞ്ഞെങ്കിലും പുതുക്കി നല്‍കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല.

2016ല്‍ ലഖ്‌നൗവില്‍ നടന്ന ഒരു സെമിനാറില്‍ മുത്തലാഖിനെ എതിര്‍ത്ത് സംസാരിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും റുക്‌സാനയെ ബോര്‍ഡ് വിലക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇവരുടെ കാലവധി പുതുക്കി നല്‍കേണ്ടതില്ലെന്ന് ബോര്‍ഡ് തിരുമാനിച്ചതെന്ന്
സെക്രട്ടറി സഫാര്‍യാബ് ജിലാനി അറിയിച്ചു.

എന്നാല്‍ അത്തരമൊരു കാര്യം ഇതുവരെ തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് റുക്‌സാന വ്യക്തമാക്കി. അതേസമയം കാലാവധി കഴിഞ്ഞാല്‍ അത് അംഗങ്ങളെ അറിയിക്കുന്ന പതിവില്ലെന്നാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്.

101 സ്ഥിരം അംഗങ്ങളും 150 താല്‍ക്കാലിക അംഗങ്ങളുമാണ് ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലുള്ളത്. ഇതില്‍ താല്‍ക്കാലിക അംഗങ്ങളെ ഓരോ മൂന്നുവര്‍ഷത്തേക്ക് സ്ഥിരാംഗങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കാലവധി കഴിയുന്നവരെ വീണ്ടും ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കുന്നത് പ്രത്യേക സാഹചര്യത്തില്‍ മാത്രമാണെന്നാണ് ജിലാനി പറയുന്നത്.

Top