കാസര്‍ഗോഡ്: ഏഴ് വര്‍ഷം എംഎല്‍എ ആയിരുന്നിട്ടു കൂടി ഒരു ദിവസത്തെ ശമ്പളമോ ബത്തയോ പോലും സ്വന്തമായി ഉപയോഗിക്കാത്ത ആളായിരുന്നു അന്തരിച്ച മുസ്ലീംലീഗിന്റെ കരുത്തനായ നേതാവ് പിബി അബ്ദുള്‍ റസാഖ്. തന്റെ പേരില്‍ ട്രഷറിയിലേയ്ക്ക് വരുന്ന മുഴുവന്‍ പണവും സ്വന്തം മണ്ഡലത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിയ്ക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്ന് പിഎ ആയിരുന്ന ടി കെ അഹമ്മദ് ഓര്‍ക്കുന്നു.
‘സെപ്തംബര്‍ മാസത്തെ ശമ്പളം ഇന്ന് തന്നെ ദുരിതാശ്വാസ അക്കൗണ്ടിലേക്ക് മാറ്റണം, ഞാന്‍ ചില രോഗികള്‍ക്ക് ചെക്ക് നല്‍കിയിട്ടുണ്ട്’ മരണപ്പെടുന്നതിന്റെ തലേ ദിവസം ടികെ അഹമ്മദിനോട് അബ്ദുള്‍ റസാഖ് പറഞ്ഞിരുന്നു. അങ്ങനെ തന്റെ അവസാനത്തെ ശമ്പളവും പാവപ്പെട്ടവന്റെ ചികിത്സക്ക് നല്‍കിയാണ് അദ്ദേഹം വിടവാങ്ങിയത്. ശമ്പള ഇനത്തിലും മറ്റുമായി ലഭിക്കുന്ന പണം മുഴുവന്‍ ഇത്തരത്തില്‍ രോഗികള്‍ക്കും മറ്റും നല്‍കാറാണ് പതിവെന്ന് അഹമ്മദ് സാക്ഷ്യപ്പെടുത്തി.
കോടീശ്വരന്‍മാരായ എംഎല്‍എമാര്‍ പോലും ശമ്പളത്തിന് പുറമെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചികിത്സക്കും മറ്റുമായി ലക്ഷങ്ങള്‍ വാങ്ങിയെടുക്കുകയും മരണപ്പെട്ട എംഎല്‍എയുടെ കുടുംബത്തിന്റെ കടം വീട്ടാന്‍ ലക്ഷങ്ങള്‍ അനുവദിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരാള്‍ കടന്ന് പോയത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അബ്ദുള്‍ റസാഖ് മരണപ്പെടുന്നത്. ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസര്‍കോട് നിന്നുള്ള മുസ്ലീം ലീഗിന്റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. ഒരേ സമയം മലയാളികള്‍ക്കിടയിലും കന്നട സംസാരിക്കുന്നവര്‍ക്കിടയിലും റസാഖ് സാഹിബ് സ്വീകാര്യനായിരുന്നു.
2011 മുതല്‍ മഞ്ചേശ്വരം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലീം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ലീഗിന്റെ മഞ്ചേശ്വരം എംഎല്‍എ സ്ഥാനാര്‍ത്ഥിയായി മാറ്റി. 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ കെ.സുരേന്ദ്രനെ തോല്‍പ്പിച്ച്, അബ്ദുള്‍ റസാഖ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്.