രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കാന്തപുരം വിഭാഗം, അന്തംവിട്ട് യു.ഡി.എഫ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് കാന്തപുരം സുന്നി വിഭാഗം.

എസ്.വൈ.എസ് സംസസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം സംഘടനയുടെ പത്രത്തിലെഴുതിയ ലേഖനത്തിലാണ് രാഹുലിന്റെ വരവ് കേരളത്തിന്റെ മതേതരഭാവിക്ക് ഭീഷണിയാണെന്ന നിലപാടെടുത്തത്.

പ്രത്യയശാസ്ത്രപരമായി ഫാസിസത്തെ നേരിടുന്ന ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നത് കേരളത്തിന്റെ മതേതരഭാവിക്ക് ഭീഷണിയെന്നാണ് ലേഖനത്തില്‍ ചൂണ്ടികാട്ടുന്നത്. രാഹുല്‍ വയനാട്ടിലെത്തിയതോടെ മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടായതായും അദ്ദേഹം തുറന്നടിച്ചു.

കേരളത്തില്‍ സംഘപരിവാറിനാണ് പുതിയ ഊര്‍ജ്ജം ലഭിച്ചിരിക്കുന്നത്. രാഹുലിന്റെ വരവുകൊണ്ട് യു.ഡി.എഫിന് രണ്ട് സീറ്റ് അധികം ലഭിച്ചേക്കാമെന്നതിനപ്പുറം മറ്റൊരു നേട്ടവുമുണ്ടാകില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Rahmathulla Saqafi Elamaram

മതേതരബദലിന് തുരങ്കംവെച്ചത് കോണ്‍ഗ്രസാണെന്ന കടുത്ത വിമര്‍ശനവും സുന്നി യുവനേതാവ് നടത്തിയിട്ടുണ്ട്. കേരളത്തിന് പുറത്ത് കോണ്‍ഗ്രസിനോട് മത്സരിക്കുന്ന മുസ്‌ലിം ലീഗിനെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും ലേഖനത്തില്‍ പരിഹസിക്കുന്നുമുണ്ട്.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ ഒരു മുഖ്യധാര മുസ്‌ലിം സമുദായ സംഘടന എതിര്‍ക്കുന്നത് ഇതാദ്യമാണ്. കടുത്ത ലീഗ് വിരുദ്ധതയും ഇടതുപക്ഷ ആഭിമുഖ്യവുമുള്ള സംഘടനയാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കാന്തപുരം സുന്നി വിഭാഗം.

തരംപോലെ ഇടതുക്ഷത്തെയും കോണ്‍ഗ്രസിനെയും പിന്തുണക്കുന്ന അടവു നയമാണ് കാന്തപുരം കൈക്കൊണ്ടിരുന്നത്. ഏതു മുന്നണി ഭരിച്ചാലും കാന്തപുരം വിഭാഗത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയാണ് പതിവ്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ് ബന്ധവും ഇടതുപക്ഷത്ത് സി.പി.എം ബന്ധവുമാണ് കാന്തപുരത്തിന്റെ കരുത്ത്.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എം.ഐ ഷാനവാസിനായിരുന്നു കാന്തപുരം വിഭാഗം പിന്തുണ നല്‍കിയിരുന്നത്. മണ്ഡലത്തില്‍ നിന്നും എതിര്‍പ്പുയര്‍ന്നിട്ടും ഷാനവാസിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായത് ഈ പിന്തുണയായിരുന്നു.
ലീഗ് കോട്ടയായ മഞ്ചേരിയില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥിയായി ടി.കെ ഹംസയെ 2004ല്‍ വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് കാന്തപുരം വിഭാഗമായിരുന്നു.

2009തില്‍ കാന്തപുരം വിഭാഗത്തില്‍പ്പെട്ട ഡോ. ഹുസൈന്‍ രണ്ടത്താണിയെ പൊന്നാനിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും കാന്തപുരം ഇഫക്ട് അവിടെ ഏശിയില്ല. ഹുസൈന്‍ രണ്ടത്താണി പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട്ട് ലീഗ് സ്ഥാനാര്‍ത്ഥി എന്‍. ഷംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന് കാന്തപുരം ആഹ്വാനം ചെയ്‌തെങ്കിലും കാന്തപുരത്തെ തള്ളി മണ്ണാര്‍ക്കാട്ടുകാര്‍ ഷംസുദ്ദീനെ വിജയിപ്പിച്ചിരുന്നത്.

പിന്തുണയില്‍ വിലപേശുന്ന കാന്തപുരം വിജയിച്ചാല്‍ അവകാശവാദം ഉന്നയിച്ചെത്തുന്ന എട്ടുകാലി മമ്മൂഞ്ഞാണെന്നാണ് ലീഗ് അനുകൂല ഇ.കെ സുന്നി വിഭാഗത്തിന്റെ ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരത്തിന്റെ പിന്തുണ ഇടതുപക്ഷത്തിനായിരുന്നു.

കണ്ണൂര്‍ മട്ടന്നൂരില്‍ കൊലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കാന്തപുരം സുന്നി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഇവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഷുഹൈബ് സജീവ സാന്നിധ്യമായിരുന്നു.

ഷുഹൈബിന്റെ കൊലപാതകത്തോടെ കാന്തപുരം സുന്നിയിലെ യുവജന വിഭാഗത്തിലെ ഒരു സംഘം സി.പി.എമ്മിനെതിരെ തിരിഞ്ഞിരുന്നു. എന്നാല്‍ നേതൃത്വം സംയമനം പാലിക്കുകയായിരുന്നു. ഒറ്റപ്പെട്ട സംഭവമായാണ് അവര്‍ ഇതിനെ വിലയിരുത്തിയിരുന്നത്.

മലബാറില്‍ കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, വയനാട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ ഏറെ നിര്‍ണ്ണായകമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ സംബന്ധിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇതുവരെയും മനസ് തുറന്നിട്ടില്ല.

രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരമ്പരാഗതമായി ഇടതുപക്ഷത്തെ പിന്തുണക്കുന്ന ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള മുസ്‌ലിം സാമുദായിക സംഘടനകള്‍ നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നു. വിമാനത്താവളത്തില്‍ വെച്ച് രാഹുലിന് എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കൈ കൊടുത്തെങ്കിലും നിലപാട് പ്രഖ്യാപിച്ചിരുന്നില്ല.

അതേസമയം, പരമ്പരാഗതമായി ഇടതു സ്‌നേഹം പുലര്‍ത്തുന്ന എ.പിയുടെ അണികള്‍ ഇക്കുറിയും ചുവപ്പ് സ്‌നേഹം പ്രകടിപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. പലയിടത്തും ലീഗുമായും അവര്‍ പിന്തുണക്കുന്ന മത സംഘടനകളുമായും ശക്തമായ ഏറ്റുമുട്ടലിന്റെ പാതയിലാണ് എ.പി.വിഭാഗം.

മാത്രമല്ല സംഘപരിവാറിനെ എതിര്‍ക്കുന്ന കാര്യത്തില്‍ പിണറായിയോളം പോന്ന മറ്റൊരു നേതാവ് യു.ഡി.എഫിന് ഇല്ലെന്ന അഭിപ്രായവും കാന്തപുരം വിഭാഗം സുന്നികള്‍ക്കുണ്ട്. സമുദായത്തോട് അനുകൂല നിലപാട് സ്വീകരിച്ച ഇടതുപക്ഷത്തിനെതിരായ നിലപാട് സ്വീകരിക്കരുതെന്ന അഭിപ്രായം നേതൃത്വത്തോട് ഒരു വിഭാഗം അനുയായികളും ആവശ്യപ്പെട്ടിട്ടുണ്ട്.

Top