അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീഗ്

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് അവരുടേതായ തീരുമാനം എടുക്കട്ടേയെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനം ചര്‍ച്ച ചെയ്യാനായി മുസ്ലിം ലീഗ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേര്‍ന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളും. യോഗത്തില്‍ ദേശീയ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

കോണ്‍ഗ്രസ് നിലപാടിനെ പറ്റി അഭിപ്രായം പറയാനില്ല. അവര്‍ തീരുമാനം സ്വതന്ത്രമായി തീരുമാനം എടുക്കട്ടെ. എല്ലാ പാര്‍ട്ടികളും തീരുമാനം എടുത്ത ശേഷം ആവശ്യമെങ്കില്‍ പറയാം. വിശ്വാസത്തിനോ ആരാധനക്കോ പാര്‍ട്ടി എതിരല്ല, ആരാധന തുടങ്ങുന്നതല്ല പ്രശ്‌നം. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനം ആക്കുന്ന തരത്തിലാണ് ഇതുകൊണ്ട് പോകുന്നത്. ഇതിനെ പ്രധാനമന്ത്രി രാഷ്ട്രീയമാക്കി ഉപയോഗിക്കുന്നു. ഓരോ പാര്‍ട്ടിയും ഇത് തിരിച്ചറിയണം. അതനുസരിച്ചു നിലപാട് എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്ന് സാദിഖലി തങ്ങളും പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ഉപയോഗിക്കുന്നത്. വിശ്വാസികള്‍ക്കൊപ്പമാണ് ലീഗ്. തെരഞ്ഞെടുപ്പ് അജണ്ടയാക്കാന്‍ ഉപയോഗിക്കുന്നതിന് എതിരാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Top