കോഴിക്കോട്: ചാര്‍ട്ടേഡ് വിമാനം വഴി വരുന്ന പ്രവാസികള്‍ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ കേരളത്തിലേക്ക് വരാനാകൂ എന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ മുസ്ലിം ലീഗ്. പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ട എന്ന് പറയുന്നതിന് തുല്ല്യമാണ് കേരള സര്‍ക്കാറിന്റെ ഈ നിലപാടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
കേരള സര്‍ക്കാറിന്റെ നിലപാട് മോശമായിപ്പോയി. രോഗവ്യാപനം ഉണ്ടാകാന്‍ പാടില്ല. അതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ട്. ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഫലപ്രദമായി സര്‍ക്കാര്‍ നടത്തിയിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നും അവിടെയുള്ള മലയാളികളോട് ഇങ്ങോട്ട് വരേണ്ട എന്ന പറയാന്‍ കഴിയില്ല. ഞങ്ങള്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിലുണ്ടായ സര്‍ക്കാറിന്റെ അനാസ്ഥക്ക് കൊടുക്കേണ്ടി വരുന്ന വിലയാണിതെന്നും ഇതില്‍ ദുരിതത്തിലാകുന്നത് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പ്രവാസികളെ രണ്ടു തട്ടിലാക്കിക്കുകയാണ് സര്‍ക്കാറെന്ന് എം.കെ മുനീര്‍ പറഞ്ഞു. വന്ദേ ഭാരത് മിഷനിലൂടെ എത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ലെന്നും ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് വഴി വരുന്നവര്‍ക്കാണ് ടെസ്റ്റ് നിര്‍ബന്ധമാണെന്നും പറയുന്നു. ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ട വിഷയമാണിതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ നിലപാട് പ്രായോഗികമല്ലെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു.