ഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ നീതി നടപ്പിലാക്കണമന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ലീഗ് എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. ആരാധനാലയ സംരക്ഷണ നിയമം പരിരക്ഷിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. അതേസമയം, വാരാണസി ജില്ലാ കോടതിവിധിക്ക് പിന്നാലെ വാരാണസിയിലെ ഗ്യാന്‍വ്യാപി മസ്ജിദിന്റെ ബേസ്‌മെന്റില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ നടന്നു. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളില്‍ പൂജ നടത്തിയിരുന്നു.
അതേസമയം, ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. അടിയന്തര വാദം കേള്‍ക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം. ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളിക്കമ്മറ്റി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് അനുമതി ലഭിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിനെ തുടര്‍ന്നാണ് പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.