മുസ്ലീംലീഗും വലിയ പ്രതിസന്ധിയില്‍, ഭരണമില്ലാതെ കഴിയുക പ്രയാസം . . .

മുസ്ലീംലീഗ് തട്ടകമായ മലപ്പുറം ജില്ലയിലും ശക്തമായ മുന്നേറ്റത്തിനൊരുങ്ങി ഇടതുപക്ഷം. വെല്ലുവിളികള്‍ക്കിടയിലും തവനൂരും, താനൂരും, പൊന്നാനിയും, നിലമ്പൂരും നിലനിര്‍ത്താനായത് ചുവപ്പിന്റെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പൊന്നാനി ഒഴികെ ബാക്കി മൂന്ന് സീറ്റുകളും പിടിച്ചെടുക്കാമെന്ന യു.ഡി.എഫ് സ്വപ്നമാണ് സംസ്ഥാനത്തെ ചുവപ്പ് തേരോട്ടത്തില്‍ മലപ്പുറത്തും തകര്‍ന്നടിഞ്ഞിരിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ ഇടതുപക്ഷം അവസാന നിമിഷം വരെ പൊരിതിയാണ് പരാജയം സമ്മതിച്ചിരിക്കുന്നത്. ഒന്ന് ആഞ്ഞ് പിടിച്ചിരുന്നെങ്കില്‍ പെരിന്തല്‍മണ്ണയും ഇങ്ങു പോരുമായിരുന്നു. മലപ്പുറം പൊന്നാപുരം കോട്ടയാണെന്ന ലീഗിന്റെ അഹങ്കാരത്തിന് അധികം താമസിയാതെ തന്നെ വലിയ തിരിച്ചടി ലഭിക്കുമെന്നാണ് സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഒന്നരപതിറ്റാണ്ടിനു ശേഷം മുസ്ലിം ലീഗ് നേരിട്ട കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നത്. സംസ്ഥാനത്താകെ മത്സരിച്ച 27 സീറ്റില്‍ കേവലം 15 സീറ്റില്‍ മാത്രമാണ് ലീഗിന് വിജയിക്കാനായിരിക്കുന്നത്. കഴിഞ്ഞ തവണ 18 സീറ്റില്‍ വിജയിച്ച ലീഗിന് ഇത് അടിവേരിളക്കുന്ന തിരിച്ചടി തന്നെയാണ്. ഇതോടെ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. നേതാക്കളുടെ അധികാര മോഹമാണ് പാര്‍ട്ടിയെ ഈ നിലയില്‍ എത്തിച്ചതെന്നാണ് ആരോപണം. കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ട് പാര്‍ലമെന്റിലേക്കു പറന്ന കുഞ്ഞാലിക്കുട്ടി മോഡി രണ്ടാമൂഴം ഉറപ്പിച്ചതോടെ അപ്രതീക്ഷിതമായി തിരിച്ചു വരികയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെയും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പിന്തുണയോടെയായിരുന്നു ഈ കരുനീക്കം.

തുടര്‍ന്ന് ലോക്സഭാംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തില്‍ നിന്നുമാണ് നിയമസഭയിലേക്കു മത്സരിച്ചിരുന്നത്. ലോക്സഭയിലേക്ക് പകരം അബ്ദുസമദ് സമദാനിയെയാണ് മുസ്ലീലീഗ് മത്സരിപ്പിച്ചിരുന്നത്. വേങ്ങരയില്‍ നിന്നും 30596 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിന് കുഞ്ഞാലിക്കുട്ടി വിജയിച്ചെങ്കിലും യു.ഡി.എഫിന് കേരള ഭരണമാണ് നഷ്ടമായിരിക്കുന്നത്. കാല്‍നൂറ്റാണ്ടിനു ശേഷം വനിതാ സ്ഥാനാര്‍ത്ഥിയായി അഡ്വ. നൂര്‍ബിന റഷീദിനെ മത്സരിപ്പിച്ചെങ്കിലും അവരും ദയനീയമായി പരാജയപ്പെട്ടു. കോഴിക്കോട് സൗത്തിന് പുറമെ കെ.എം ഷാജിയുടെ അഴീക്കോട്, വി.കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.കെ അബ്ദുല്‍ഗഫൂര്‍ മത്സരിച്ച കളമശേരി, പാറക്കല്‍ അബ്ദുള്ളയുടെ സിറ്റിങ് സീറ്റ് കുറ്റ്യാടി എന്നിവയും ഇത്തവണ ലീഗിനെ കൈവിട്ട മണ്ഡലങ്ങളാണ്.

കഴിഞ്ഞ തവണ കൈവിട്ട കൊടുവള്ളി എം.കെ മുനീറിലൂടെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞെങ്കിലും ഇത്തവണ വിജയസാധ്യതയുണ്ടായിരുന്ന കുന്ദമംഗലവും, തിരുവമ്പാടിയും, താനൂരും, ഗുരുവായൂരും കളഞ്ഞ്കുളിക്കുകയും ചെയ്തു.
പെരിന്തല്‍മണ്ണയില്‍ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിലെ നജീബ് കാന്തപുരം വിജയിച്ചത്. ഏതുവിധേനയും തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച് താനൂരില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ ഇറക്കിയിട്ടും 985 വോട്ടിനാണ് പരാജയപ്പെട്ടത്. മുസ്ലിം ലീഗിന്റെ കോട്ടയായ തിരൂരങ്ങാടിയില്‍ 9,578 വോട്ടുകള്‍ക്ക് മാത്രമാണ് കെ.പി.എ മജീദ് വിജയിച്ചത്. പെരിന്തല്‍മണ്ണയിലെ നേരിയ വിജയവും താനൂരിലെ പരാജയവും മുസ്ലിം ലീഗിന്റെ സംഘടനാസംവിധാനത്തിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താനൂരില്‍ ഇ.ടി മുഹമ്മദ് ബഷീറിന് 32,166 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലാകട്ടെ 19,510 വോട്ടിന്റെ ഭൂരിപക്ഷവും യു.ഡി.എഫിനുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ 985 വോട്ടിന്റെ പരാജയം ലീഗ് നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ലഭിച്ച മൃഗീയ ഭൂരിപക്ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കഴിയാത്തത് ലീഗ് അണികളെയും അമ്പരപ്പിച്ചിട്ടുണ്ട്. താനൂര്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്തതും പെരിന്തല്‍മണ്ണയിലെ നേരിയ വിജയവുമെല്ലാം ലീഗ് കോട്ടകള്‍ സുരക്ഷിതമല്ല എന്ന അപകട സൂചനയാണ് നിലവില്‍ നല്‍കുന്നത്.

പരമ്പരാഗതമായി ലീഗിനു മാത്രം വോട്ടുകുത്തിയിരുന്നു മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം മാറി ചിന്തിക്കുന്നത് ലീഗ് നേതൃത്വത്തെ സംബന്ധിച്ച് അപകട സൂചന തന്നെയാണ്. ലീഗിന്റെ വോട്ട്ബാങ്കായ സമസ്ത പിണറായി വിജയനോട് കാണിക്കുന്ന മൃദുസമീപനവും ലീഗിനെ ശരിക്കും പ്രതിസന്ധിയിലാക്കുന്നുണ്ട്. പൗരത്വ സമരത്തിലും ബി.ജെ.പിക്കെതിരായ പോരാട്ടത്തിലും പിണറായിയെ മുസ്ലിം സമുദായം നായകനായി കാണുന്നുണ്ടെന്നതാണ് ലീഗിന്റെ രാഷ്ട്രീയ അസ്ഥിത്വത്തിന് തന്നെ ഭീഷണിയായിരിക്കുന്നത്. 2006ലെ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കെ.ടി ജലീലിനോട് പി.കെ കുഞ്ഞാലിക്കുട്ടിയും, തിരൂരില്‍ ഇ.ടി മുഹമ്മദ്ബഷീറും, മങ്കടയില്‍ എം.കെ മുനീറും പരാജയപ്പെട്ട ചരിത്രമാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നത്.

2006 -ല്‍ ചരിത്രത്തിലെ വലിയ പരാജയമാണ് മുസ്ലിം ലീഗ് ഏറ്റുവാങ്ങിയിരുന്നത്. അന്ന് കേവലം 7 എം.എല്‍.എമാര്‍ മാത്രമാണ് നിയമസഭയില്‍ ലീഗിനുണ്ടായിരുന്നത്. അതിനു ശേഷം ഒന്നരപതിറ്റാണ്ടിനു ശേഷം നേരിട്ട കനത്ത തിരിച്ചടിയാണ് മുസ്ലിം ലീഗ് ഈ തെരഞ്ഞെടുപ്പിലും ഏറ്റുവാങ്ങിയിരിക്കുന്നത്. 2006നു ശേഷം പാളിച്ചകള്‍ തിരുത്തി ലീഗ് ശക്തമായി തിരിച്ചെത്തിയെങ്കിലും ഇത്തവണ ഭരണം നഷ്ടമായതോടെ അണികളെ പിടിച്ചുനിര്‍ത്താന്‍ ലീഗ് നേതൃത്വം ഇനി ശരിക്കും വിയര്‍ക്കും. ഇനിയൊരു തിരിച്ചുവരവിന് സാധ്യതയുണ്ടാകുമോ എന്ന ആശങ്കയാണ് ലീഗ് നേതൃത്വത്തെ നിലവില്‍ അലട്ടുന്നത്. ഈ അവസരം മുതലെടുത്ത് മലപ്പുറത്തെ ലീഗ് കോട്ടകളില്‍ വിള്ളലുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

ലീഗിലെ ഒരു വിഭാഗം അധികം താമസിയാതെ തന്നെ പിളര്‍ന്ന് ഇടതുപക്ഷത്ത് എത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇടതുപക്ഷത്തിനു പുറമെ എസ്.ഡി.പി ഐയും മുസ്ലിം ലീഗിന്റെ വോട്ടുബാങ്കില്‍ നല്ല രൂപത്തില്‍ വിള്ളല്‍ വീഴ്ത്തുന്നുണ്ട്. പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിയെയും പതിനായിരങ്ങളുടെ മൃഗീയ ഭൂരിപക്ഷത്തിന് വിജയിപ്പിക്കുന്ന ലീഗ് കോട്ടകള്‍ മലപ്പുറത്തു പോലും അപൂര്‍വ്വമായാണ് മാറിയിരിക്കുന്നത്. കളമശേരിയിലെ തോല്‍വിയിലൂടെ മലബാറിന് പുറത്ത് പതിറ്റാണ്ടുകളായി ലീഗ് നിലനിര്‍ത്തിപോന്ന മണ്ഡലവും കൈവിട്ടുപോയി കഴിഞ്ഞു. ഇതും പാണക്കാട് തങ്ങള്‍ക്ക് പറ്റിയ വലിയ തെറ്റാണ്.

ഇബ്രാഹിം കുഞ്ഞിന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന വികാരം മാനിക്കാതിരുന്നതിന് ലീഗ് അണികള്‍ തന്നെ കളമശ്ശേരിയില്‍ മാറി ചിന്തിച്ചിട്ടുണ്ട്. 10,850 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പി.രാജീവ് കളമശ്ശേരിയില്‍ ചെങ്കൊടി പാറിച്ചിരിക്കുന്നത്. ഇനി ഈ മണ്ഡലം സ്വപ്നം കാണാന്‍ പോലും ലീഗിനു കഴിയുകയില്ല. ഇതോടെ മുസ്ലിംലീഗ് കേവലം മലബാര്‍ പാര്‍ട്ടി മാത്രമായാണ് നിലവില്‍ മാറിയിരിക്കുന്നത്.

 

Top